
ചർമം തിളക്കമുള്ളതും യുവത്വമുള്ളതുമാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇതിനായി വില കൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങാൻ പലക്കും കഴിയാറില്ല. എന്നാൽ ഇനി വിഷമിക്കണ്ട. വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പണച്ചിലവില്ലാതെ തന്നെ യുവത്വമുള്ള ചർമം സ്വന്തമാക്കാം.
ചർമത്തിന്റെ ഉപരിതലത്തിൽ നിന്ന് മൃത കോശങ്ങളെ നീക്കം ചെയ്യുന്നതിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. ചർമം മൃദുലമാവാനും തിളക്കം കിട്ടാനുമാണ് ഇങ്ങനെ ചെയ്യുന്നത്. മൃത കോശങ്ങളെ നീക്കം ചെയ്യുന്നതിന് നിരവധി വഴികളുണ്ട്. കാപ്പിപൊടിയോ ചെറിയ തരിയുള്ള പഞ്ചസാരയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ മൃത കോശങ്ങളെ നീക്കം ചെയ്യുന്നതിന് വളരെ ഫലപ്രദമായ ഒരു കൊറിയൻ രീതിയുണ്ട്. അലക്കിയ തുണി വെള്ളത്തിൽ നനച്ച ശേഷം മുഖത്ത് ചെറുതായി ഉരസി ചർമത്തിന്റെ ഉപരിതലത്തിൽ നിന്നും മൃതകോശങ്ങളെ നീക്കം ചെയ്യുന്നതാണ് ഈ രീതി. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗ്ലാസ് പോലെ തിളങ്ങുന്ന ചർമം നേടാൻ സഹായിക്കുന്നു. ഇതുപോലെ ചർമത്തിന്റെ തിളക്കവും യുവത്വവും നിലനിർത്താനുള്ള പല തരത്തിലുള്ള രീതികളാണ് കൊറിയക്കാർ ഉപയോഗിച്ചു വരുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കൊറിയൻ ടെക്നിക്കുകൾ പരിചയപ്പെടാം.
1. ചായപ്പൊടി

വൈറ്റമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് ചായപ്പൊടിയും കാപ്പിപ്പൊടിയും. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഇഷ്ട പാനീയത്തിന് ഇങ്ങനെയും ചില സവിശേഷതകളുണ്ട്. കൊറിയക്കാർ അവരുടെ ചർമസംരക്ഷണത്തിനായി ദിവസവും ചായപ്പൊടി ഉപയോഗിക്കുന്നു.
2.ഇളം ചൂട് വെള്ളം

ഇളം ചൂടുള്ള വെളളത്തിൽ കുളിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് നിരവധി പ്രയോജനങ്ങലാണ് ലഭിക്കുന്നത്. ചെറിയ ചൂടുവെള്ളത്തിൽ മുഖം മസാജ് ചെയ്യുന്നതിലൂടെ ചർമത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു. ഇതിലൂടെ ചർമത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ പുറന്തള്ളാനും ചർമ രോഗങ്ങൾ വരുന്നത് തടയാനും സഹായിക്കുന്നു.
3.മുഖ വ്യായാമങ്ങൾ

കഴിഞ്ഞ കുറച്ച് കാലങ്ങളായി മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി കേട്ടു വരുന്ന ഒന്നാണ് മുഖ വ്യായാമങ്ങൾ. ജേഡ് റോളറുകൾ, ഫേഷ്യൽ മാർബിളുകൾ, മറ്റ് മസാജറുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളും പ്രചാരത്തിലുണ്ട്. ചർമസംരക്ഷണത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ കൊറിയക്കാരും ദിവസേന ചെയ്തുവരുന്ന ഒരു പ്രധാന കാര്യമാണ് മുഖ വ്യായാമങ്ങൾ.
4. രാത്രികാല ചർമ സംരക്ഷണം

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കുക. ഇതിനായി പയറുപൊടിയോ ഫേസ് വാഷോ ഉപയോഗിക്കാം. ശേഷം ഏതെങ്കിലുമൊരു മോയ്സ്ചറൈസർ കട്ടിക്ക് മുഖത്ത് പുരട്ടുക. കൊറിയക്കാർ സാധാരണയായി പെട്രോളിയം ജെല്ലിയാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം നിങ്ങൾക്ക് വീട്ടിൽ തന്നെയുള്ള കറ്റാർ വാഴയും ഉപയോഗിക്കാം. കൂടാതെ കൊറിയക്കാർ മുഖത്ത് സിറം ഉപയോഗിക്കാറുണ്ട്. ഇത് ചർമത്തിൽ ആഴത്തിലിറങ്ങി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു.
5.ദിവസേന ചെയ്യേണ്ടവ

ദിവസവും രാത്രി ഫേസ് മാസ്ക്കുകൾ, മോയ്സ്ചറൈസർ , സിറം എന്നിവ ഉപയോഗിക്കുക. ചർമം കൂടുതൽ മൃദുലമാകാനും തിളക്കം കൂടാനും യുവത്വം നിറഞ്ഞതാകാനും ഇത് നിങ്ങളെ സഹായിക്കും.