
ലക്‌നൗ: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിവാദം ഉണ്ടായതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളിൽ അതിന്റെ അലയൊലികൾ ഉണ്ടാകുകയാണ്. രാജ്യത്തെ ശ്രദ്ധാകേന്ദ്രമായ തിരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ ഹിജാബുമായി ബന്ധപ്പെട്ട പ്രകോപനപരമായ പ്രസ്‌താവനയാണ് സമാജ്‌വാദി പാർട്ടി വനിതാ നേതാവിൽ നിന്നുമുണ്ടായത്.
ഹിജാബിൽ തൊടുന്നയാളുടെ കൈവെട്ടുമെന്നാണ് സമാജ്‌വാദി പാർട്ടി നേതാവായ റുബീന ഖനം പ്രസംഗിച്ചത്. അലിഗഡ് മുസ്ളീം സർവകലാശാലയിലെ വിദ്യാർത്ഥിനികൾ നടത്തിയ പ്രതിഷേധ യോഗത്തിലാണ് റുബീന ഇങ്ങനെ പറഞ്ഞത്. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരെയായിരുന്നു യോഗം.
'ഇന്ത്യയിലെ പെൺമക്കളുടെയും സഹോദരിമാരുടെയും അന്തസിന് നേരെ കളിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഝാൻസി റാണിയെപ്പോലെയും റസിയ സുൽത്താനയെ പോലെയാകാനും പിന്നെ താമസമുണ്ടാകില്ല. ആ ഹിജാബിൽ തൊടുന്ന കൈകൾ വെട്ടിയെടുക്കും' റുബീന ഖനം പറഞ്ഞു. ഇന്ത്യ വൈവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യമാണെന്നും ഒരാൾ തിലകം തൊട്ടാലും ടർബൻ അണിഞ്ഞാലും ഹിജാബ് ധരിച്ചാലും അത് അങ്ങനെതന്നെയായിരിക്കും എന്നും റുബീന അഭിപ്രായപ്പെട്ടു. സംസ്‌കാരത്തിന്റെ ഭാഗമായുളള അടയാളങ്ങൾക്ക് മേൽ കൈകടത്തുന്നത് ക്ഷമിക്കാനാവില്ലെന്നും അവർ പറഞ്ഞു.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ഹിജാബ് വിഷയത്തിൽ അലയൊലികൾ ഉണ്ടാകുന്നുണ്ട്. നിലവിൽ ഈ വിഷയത്തിൽകർണാടക ഹൈക്കോടതിയിൽ വാദം നടക്കുകയാണ്.