
മലയാളത്തിലെ സൂപ്പർ താരജോടികളാണ് മോഹൻലാലും മീനയും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ. പ്രേക്ഷകർക്കു എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന താരജോടികളാണ് മോഹൻലാലും മീനയും. മോഹൻലാലിന്റെ നായികയായി 25 വർഷം പൂർത്തിയാക്കിയതിന്റെ ആഹ്ളാദം മീന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. പത്തു ചിത്രങ്ങളിലാണ് ഇരുവരും നായകനും നായികയുമായി അഭിനയിച്ചത്. ഒരു പരിപാടിയിൽ മോഹൻലാൽ മീനയെക്കുറിച്ച് പറയുന്ന വീഡിയോയും ഉൾപ്പെടുത്തിയാണ് മീന ആഹ്ലാദം പങ്കുവച്ചത്.
''നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി ലാലേട്ടാ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും ഒരു മികച്ച അനുഭവമാണ്. ഞാൻ നിങ്ങളോടൊപ്പം ചെയ്ത എല്ലാ സിനിമകളിലും ഇത്രയും മനോഹരവും അവിസ്മരണീയവുമായ കഥാപാത്രങ്ങൾ ഉണ്ടായതിൽ നന്ദിയുണ്ട്. നീണ്ട 25 വർഷമായി ഇതിഹാസത്തെ അറിയുകയും സഹവസിക്കുകയും ചെയ്തതിൽ സന്തോഷമുണ്ട്, നന്ദിയുണ്ട്.""മീന കുറിച്ചു. 1997ൽ ഐ.വി. ശശി സംവിധാനം ചെയ്ത വർണപ്പകിട്ട് എന്ന ചിത്രത്തിലാണ് മോഹൻലാലും മീനയും ആദ്യമായി നായകനും നായികയുമായി ആദ്യമായി ഒന്നിക്കുന്നത്.
ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യൻ അന്തോണി ആദം ആണ് രണ്ടാമത്തെ ചിത്രം. അദ്ധ്യാപികയുടെ വേഷമാണ് ചിത്രത്തിൽ മീന അവതരിപ്പിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത മിസ്റ്റർ ബ്രഹ്മചാരിയിലാണ് തുടർന്ന് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവിൽ മോഹൻലാലിന്റെ നായികയായി മീന എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മോഹൻലാൽ - മീന താരജോടികളുടെ എവർ ഗ്രീറ്റ് ഹിറ്റായിരുന്നു ശ്രീനിവാസന്റെ രചനയും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം. മോഹൻലാലിനെ നായകനാക്കി രഞ്ജിത് രചനയും സംവിധാനവും നിർവഹിച്ച ചന്ദ്റോത്സവത്തിൽ ഇന്ദുലേഖ എന്ന നായിക കഥാപാത്രമായി മീന എത്തി. മറ്റൊരു എവർ ഗ്രീൻ ഹിറ്റായ ദൃശ്യം 2013ൽ സംഭവിച്ചു. ജോർജുകുട്ടിയായും ഭാര്യ റാണിയായും ഇരുവരും തിളങ്ങി. മുന്തിരിവള്ളികൾ തളിക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിനെയും മീനയെയും മാത്രമേ ഉലഹന്നാനായും ആനിയമ്മയായും സങ്കല്പിക്കാൻ കഴിയൂ.
രണ്ടുവർഷം മുൻപ് എത്തിയ ദൃശ്യം 2ലും മോഹൻലാലിനെയും മീനയെയും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ ജോൺ ചാക്കോ കാറ്റാടിയായി മോഹൻലാലും ഭാര്യ അന്നമ്മയായി മീനയും മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് പ്രേക്ഷകർ ഏറ്റവും അവസാനം കണ്ടത്. പാതിമലയാളിയാണ് മീന.
അമ്മ രാജമല്ലികയുടെ നാട് കണ്ണൂർ ആണ്. തമിഴിലെ ആദ്യകാല നായികയായിരുന്നു രാജമല്ലിക.