mother-son

ന്യൂഡൽഹി: ഫ്ളാറ്റിന്റെ ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാൻ മകനെ പത്താം നിലയിൽ നിന്ന് സാരിയിൽ കെട്ടിയിറക്കി അമ്മ. ഡൽഹി എൻ.സി.ആറിലെ ഫരീദാബാദിലാണ് സംഭവം.

പത്താം നിലയിൽ നിന്ന് തൊട്ടു താഴത്തെ ഒമ്പതാം നിലയിലേക്കാണ് മകനെ തുണിയിൽ കെട്ടി ഇറക്കിയത്.

ഇവിടുത്തെ ഫ്ളാറ്റ് ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു.

എതിർ കെട്ടിടത്തിൽ താമസിക്കുന്നയാളാണ് വീഡിയോ പകർത്തിയത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ ആൺകുട്ടി തൂങ്ങിയിറങ്ങുന്നത് വീഡിയോയിൽ കാണാം. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അമ്മയ്‌ക്കെതിരെ വ്യാപക വിമർശനം ഉയർന്നു. കുട്ടിയുടെ ജീവൻ അപകടത്തിലാകുന്ന തരത്തിലുള്ള പ്രവൃത്തിയാണിതെന്നും

വസ്ത്രത്തെക്കാൾ വലുതല്ലേ മകന്റെ ജീവനെന്നും കമന്റുകൾ ഉയർന്നു. ഇത്തരത്തിൽ കുട്ടിയുടെ ജീവൻ അപകടത്തിലാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. കൈ തെല്ലൊന്നയഞ്ഞാൽ കുട്ടി താഴെവീണ് അപകടമുണ്ടാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.