
കോട്ടയം: കോതനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു. കേരള എക്‌സ്‌പ്രസ് ഇതുവഴി കടന്നുപോകുമ്പോഴാണ് വലിയ ശബ്‌ദത്തിൽ വൈദ്യുതി കമ്പി പൊട്ടിയത്. വൈകിട്ട് 4.30ഓടെയാണ് സംഭവം. ഉടൻ തന്നെ ട്രെയിൻ ഇവിടെ നിർത്തിയിട്ടു.
ശബ്‌ദം കേട്ടയുടനെ നാട്ടുകാർ ഓടിയെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതികമ്പി പൊട്ടിയതാണ് കാരണമെന്ന് മനസിലായത്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരത്ത് വൈദ്യുതി കമ്പികൾക്ക് തകരാർ വന്നിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ ആളപായമില്ല. നിലവിൽ റെയിൽവെ ഉന്നത അധികൃതർ ഇവിടെയെത്തിയിട്ടില്ല. ഇതോടെ കോട്ടയം വഴിയുളള ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർണമായും താറുമാറായ അവസ്ഥയിലാണ്.
കോട്ടയം വഴിയുളള ട്രെയിനുകൾ വൈകാനോ വഴിതിരിച്ചുവിടാനോ ഇതോടെ സാദ്ധ്യതയുണ്ടെന്നാണ് വിവരം. വെളളിയാഴ്‌ച പുതുക്കാട് ട്രെയിൻ പാളം തെറ്റി സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടത് 21 മണിക്കൂറോളമെടുത്താണ് റെയിൽവെയ്‌ക്ക് പരിഹരിക്കാനായത്. ഇതിനുപിന്നാലെയാണ് കോട്ടയം വഴിയുളള ഗതാഗതം തകരാറിലാക്കുന്ന സംഭവമുണ്ടായത്.