purushan

 ഇന്ന് ലോക റേഡിയോ ദിനം

കൊച്ചി: പശു വളർത്തലും കൂലിപ്പണിയുമായിക്കഴിയുന്ന പെരുമ്പളം പുളിക്കിച്ചിറയിൽ പുരുഷന് (63) റേഡിയോപ്പാട്ടുകൾ ജീവനാണ്. ഉറങ്ങുന്നതും പാട്ടുകേട്ട്. ഉണർന്നാലും വേണം പാട്ട്. വയലാറിന്റെ രചനകളോടാണ് പെരുത്തിഷ്ടം.

പാട്ടുകേൾക്കാൻ വേണ്ടി പുരുഷൻ വാങ്ങിയ റേഡിയോകൾക്ക് കൈയും കണക്കുമില്ല. നാൽപ്പത് വർഷത്തിലേറെ പഴക്കമുള്ള വാൽവ് റേഡിയോ മുതൽ സ്വന്തം. ബുഷിന്റെയും ഫിലിപ്സിന്റെയും ആദ്യകാല മോഡലുകൾ ശേഖരത്തിലുണ്ട്. ഡബിൾ കാസറ്റുമായിറങ്ങിയ മോഡൽ ടേപ്പ് റെക്കാഡർ ഇന്നും നല്ല കണ്ടീഷനിൽ. കാസറ്റുകളുടെ വലിയൊരുശേഖരം വേറെ. വീട്ടിലെ രണ്ടു മുറികൾ നിറയെ സ്പീക്കർ ബോക്സുകളും റേഡിയോകളുമാണ്. പൊന്നും വിലയ്ക്ക് ചോദിച്ചാലും പുരുഷൻ വിൽക്കില്ല.

ജോലിക്കിടെ മൂളിപ്പാട്ടുമായല്ലാതെ പുരുഷനെ കാണാറില്ല. ഇഷ്ടഗാനങ്ങൾ ആസ്വദിച്ച് ഉറങ്ങുന്ന പുരുഷൻ ഉണർന്ന് കുറച്ചു നേരം പാട്ടു കേട്ടിട്ടേ മറ്റു കാര്യങ്ങളിലേക്ക് കടക്കൂ. ഭാര്യ അംബികയ്ക്കും പാട്ടിഷ്ടമായതിനാൽ ഇതിന്റെ പേരിൽ വീട്ടിൽ കലഹമൊന്നുമില്ല. സിവിൽ പൊലീസ് ഓഫീസർ അനീഷ്, തിരു. ദേവസ്വം ബോർഡിലെ ശാന്തിക്കാരനായ അനൂപ് എന്നിവരാണ് മക്കൾ.