
ന്യൂഡൽഹി: ബജാജ് മോട്ടോഴ്സ് മുൻ ചെയർമാനും മുൻ രാജ്യസഭാ എം പിയുമായ രാഹുൽ ബജാജ് അന്തരിച്ചു. ഒരു മാസമായി കടുത്ത ന്യുമോണിയയും ഹൃദയസംബന്ധമായ രോഗങ്ങളും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച പൂനെയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 83 വയസായിരുന്നു.
1983ൽ ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം എറ്റെടുത്ത അദ്ദേഹം 2021ൽ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ രാജീവ് ബജാജ് മാനേജിംഗ് ഡയറക്ടർ ആയും ബന്ധു നീരവ് ബജാജ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനവും വഹിക്കുകയാണ്. 2006 മുതൽ 2010 വരെ രാജ്യസഭ എം പിയെന്ന സ്ഥാനവും രാഹുൽ ബജാജ് വഹിച്ചിരുന്നു.
ലോക്‌ഡൗണിനിടെ കേന്ദ്രസർക്കാർ എടുത്ത പല തീരുമാനങ്ങൾക്കെതിരെയും പരസ്യമായി നിലപാടെടുത്തതിനെ തുടർന്ന് രാഹുൽ ബജാജും അദ്ദേഹത്തിന്റെ മകൻ രാജീവ് ബജാജും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു,
രാഹുൽ ബജാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. രാജ്യത്തെ വ്യവസായ സംരംഭങ്ങൾക്ക് രാഹുൽ ബജാജ് നൽകിയ സംഭാവനകൾ വിലമതിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.
Shri Rahul Bajaj Ji will be remembered for his noteworthy contributions to the world of commerce and industry. Beyond business, he was passionate about community service and was a great conversationalist. Pained by his demise. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) February 12, 2022