
കൊച്ചി: ''ഹമാരാ കൽ, ഹമാരാ ആജ്, ബുലംദ് ഭാരത് കീ ബുലംദ് തസ്‌വീർ - ഹമാരാ ബജാജ്" എന്ന പരസ്യം ഒരുകാലത്ത് ദൂരദർശനിലൂടെ കടന്നുചെന്നത് ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും ഹൃദയത്തിലേക്കായിരുന്നു. ബജാജ് എന്ന പേര് തന്നെ അക്കാലത്ത് സ്കൂട്ടറുകളുടെ പര്യായമായിരുന്നു.
1989ലാണ് 'ഹമാരാ ബജാജ്" പരസ്യം ബജാജ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ഓരോ കുടുംബവും ബജാജ് സ്കൂട്ടർ സ്വന്തമാക്കാൻ കൊതിച്ചകാലം. അക്കാലത്ത് രാജ്യത്ത് വിറ്റഴിഞ്ഞ സ്കൂട്ടറുകളിൽ പാതിയിലേറെയും ബജാജിന്റേതായിരുന്നു. ബജാജിന്റെ പെരുമയിലെത്തിയ 'ചേതക്കും" സൂപ്പർ സ്കൂട്ടറും സ്വന്തമാക്കുകയെന്നത് അഭിമാനമായി ഏവരും കണ്ടു.
ബജാജ് സ്കൂട്ടർ പലർക്കും കുടുംബാംഗം തന്നെയായിരുന്നു. ഒട്ടേറെ അച്ഛനമ്മമാർ മകളുടെ വിവാഹത്തിന് സമ്മാനമായി നൽകിയതുപോലും ബജാജ് സ്കൂട്ടറായിരുന്നു! ഓരോ കുടുംബത്തിന്റെയും വികാരമായി ബജാജിനെ വളർത്തിയ പ്രതിഭാശാലിയായിരുന്നു രാഹുൽ ബജാജ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്കൂട്ടർ നിർമ്മാണ കമ്പനിയായും ലോകത്തെ ഏറ്റവും വലിയ ഓട്ടോറിക്ഷാ നിർമ്മാതാക്കളായും അദ്ദേഹത്തിന്റെ കീഴിൽ ബജാജ് വളർന്നു. മോട്ടോർസൈക്കിൾ ശ്രേണിയിൽ സി.ടി100, പ്ലാറ്റിന തുടങ്ങിയവയിലൂടെ സാധാരണക്കാരുടെയും പൾസറിലൂടെ യുവാക്കളുടെയും ഹരമായും ബജാജ് മാറി.
ബജാജിന്റെ യാത്ര
ഗാന്ധിജിയുടെ 'ദത്തുപുത്രൻ" ആയിരുന്ന ജംനാലാൽ ബജാജ് 1926ൽ സ്ഥാപിച്ചതാണ് ബജാജ് കമ്പനി. സേഠ് ബച്‌രാജ് ആൻഡ് കമ്പനി എന്നായിരുന്നു ആദ്യപേര്. 1942ൽ അദ്ദേഹത്തിന്റെ മരണാനന്തരം മക്കളായ കമൽനയൻ, രാമകൃഷ്‌ണ ബജാജ്, മരുമകൻ രാമേശ്വർ എന്നിവർ ചേർന്ന് ബച്‌രാജ് ട്രേഡിംഗ് കോർപ്പറേഷനാക്കി കമ്പനിയെ മാറ്റി.
ടൂ, ത്രീവീലറുകൾ വിറ്റഴിച്ചായിരുന്നു തുടക്കം. പിന്നീട് മൂവരും മൂന്നുവഴിക്ക് പിരിഞ്ഞു. 1960ൽ കമൽനയന്റെയും ഫിറോദിയസിന്റെ നേതൃത്വത്തിൽ ബജാജ് ഓട്ടോ പിറന്നു. 1968ൽ ഇരുവരും വേർപിരിഞ്ഞു. ഫിറോദിയസ് ബജാജ് ടെമ്പോയും കമൽനയൻ ബജാജ് ഓട്ടോയും സ്വന്തമാക്കി.
1968ൽ കമൽനയന്റെ മകൻ രാഹുൽ ബജാജ്, ബജാജ് ഓട്ടോയുടെ സി.എം.ഡിയായി. അദ്ദേഹത്തിന്റെ കീഴിലാണ് ചേതക് ഉൾപ്പെടെ ബജാജിന്റെ സ്കൂട്ടറുകളും ഓട്ടോറിക്ഷകളും ഓരോ ഇടത്തരം ഇന്ത്യൻ കുടുംബത്തിന്റെയും വികാരമായി മാറിയത്. 2005ൽ ചേതക് വിപണിവിട്ടതോടെ അദ്ദേഹം മാനേജിംഗ് ഡയറക്‌ടർ പദവിയൊഴിഞ്ഞു. അദ്ദേഹത്തിന്റെ മകൻ രാജീവ് പിൻഗാമിയായി. 2008ൽ കമ്പനി മൂന്ന് യൂണിറ്റുകളാക്കപ്പെട്ടു. ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിംഗ് കമ്പനി എന്നിവയാണവ.
₹12,000 കോടി
രാഹുൽ ബജാജ്, ബജാജ് ഓട്ടോയുടെ നായകനായി എത്തുമ്പോൾ കമ്പനിയുടെ മൂല്യം 7.2 കോടി രൂപയായിരുന്നു. നീണ്ട നാലുപതിറ്റാണ്ടിനുശേഷം നായകവേഷം അദ്ദേഹം അഴിച്ചപ്പോൾ മൂല്യമെത്തിനിന്നത് 12,000 കോടി രൂപയിൽ. ടൂ, ത്രീവീലറിന് പുറമേ ഫോർവീലറും അദ്ദേഹം പുറത്തിറക്കി.
ജനറൽ/ലൈഫ് ഇൻഷ്വറൻസ്, ധനകാര്യം, ഗൃഹോപകരണം, ഇലക്‌ട്രിക് ഉപകരണങ്ങൾ, വിൻഡ് എനർജി, സ്‌റ്റീൽ തുടങ്ങിയ മേഖലകളിലേക്കും അദ്ദേഹം ബജാജിന്റെ കൈയൊപ്പ് പതിപ്പിച്ചു.
നെഹ്‌റു കുടുംബത്തിന്റെ
തോഴൻ, മോദിയുടെ വിമർശകൻ
രാഹുൽ ബജാജിന്റെ അച്‌ഛൻ കമൽനയനും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സഹപാഠികളായിരുന്നു. ഇരു കുടുംബങ്ങളും ഏറെ സൗഹൃദത്തിലുമായിരുന്നു. കമൽനയന്റെ പുത്രന് 'രാഹുൽ" എന്ന പേരിട്ടത് ജവഹർലാൽ നെഹ്‌റുവാണ്. പിന്നീട് തനിക്ക് പുത്രനുണ്ടായപ്പോൾ രാഹുൽ അവന്, രാജീവ് ഗാന്ധിയുടെ പേരിട്ടു.
പിന്നീട് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തങ്ങളുടെ മകനിട്ടത് 'രാഹുൽ" എന്ന പേരാണെന്നതും ഇരുകുടുംബങ്ങളും തമ്മിലെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായി.
നെഹ്‌റു കുടുംബവുമായി എന്നും അടുപ്പംപുലർത്തിയ രാഹുൽ ബജാജ്, പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനുമായിരുന്നു. ''മോദിയെ വിമർശിക്കാൻ പല വ്യവസായികൾക്കും ഭയമാണ്. എനിക്കതില്ല"" എന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. മോദിയുടെ നയങ്ങളാണ് രാജ്യത്തിന്റെ സമ്പദ്‌വളർച്ചയെ പിന്നോട്ടടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആദരവുമായി പ്രമുഖർ
രാഹുൽ ബജാജിന് രാഷ്‌ട്രീയ, വ്യാവസായിക, സാസംസ്‌കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലികളർപ്പിച്ചു.
''ഇന്ത്യൻ വ്യവസായത്തിന്റെ വളർച്ചയുടെയും കരുത്തിന്റെയും മുഖമായിരുന്നു രാഹുൽ ബജാജ്. വ്യവസായ മേഖലയുടെ ക്ഷേമത്തിനായി എന്നും അദ്ദേഹം പോരാടിയരുന്നു"",
രാംനാഥ് കോവിന്ദ്, രാഷ്‌ട്രപതി
''വ്യവസായ, വാണിജ്യ രംഗത്ത് രാഹുൽ ബജാജിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. വ്യവസായത്തിന് പുറമേ സാമൂഹികക്ഷേമത്തിനും മുൻഗണന നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം"",
നരേന്ദ്ര മോദി, പ്രധാനമന്ത്രി