
ബംഗളൂരു: ഐ പി എൽ താരലേലത്തിന്റെ ഭൂരിഭാഗം സമയവും മുംബയ് ഇന്ത്യൻസ് ക്യാമ്പ് നിശബ്ദമായിരുന്നു. മറ്റ് ടീമുകൾ തങ്ങൾക്ക് ആവശ്യമുള്ള താരങ്ങളെ സ്വന്തമാക്കുമ്പോഴും 48 കോടി ബഡ്ജറ്റുമായി ലേലത്തിൽ പങ്കെടുത്ത മുംബയ് കാര്യമായി അനങ്ങിയിരുന്നില്ല. എന്താണ് മുംബയുടെ മനസിലിരിപ്പ് എന്ന് മനസിലാകാതെ മറ്റുള്ളവർ കുഴങ്ങി. എന്നാൽ താരലേലത്തിന്റെ ആദ്യ ദിവസമായ ഇന്ന് ലേലത്തിന്റെ അവസാനത്തോടുത്തപ്പോൾ അതുവരെ അടങ്ങിയിരുന്ന മുംബയ് സടകുടഞ്ഞെഴുന്നേറ്റു.
2020 ഐ പി എല്ലിൽ തങ്ങളുടെ ടോപ്‌സ്കോററർ ആയിരുന്ന ഇഷാൻ കിഷനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു മുംബയ് അതുവരെ നിശബ്ദമായിരുന്നത്. ഇഷാന് വേണ്ടി മറ്റ് ടീമുകളും രംഗത്തെത്തും എന്നുറപ്പുണ്ടായിരുന്ന മുംബയ് ഇന്ത്യൻസ് എന്ത് വിലകൊടുത്തും താരത്തെ നിലനിർത്തണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ലേലത്തിന് എത്തിയത്.
മുംബയ് പേടിച്ചിരുന്നത് പോലെ ഇഷാന് വേണ്ടിയുള്ള പോരാട്ടം കടുപ്പം തന്നെയായിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിന് എത്തിയ ഇഷാൻ കിഷന്റെ തുക ലേലം ആരംഭിച്ച് എതാനും സെക്കൻഡുകൾക്കുള്ളിൽ അഞ്ച് കോടിയായി ഉയർന്നു. എട്ട് കോടി വരെ മുംബയ്‌ക്കൊപ്പം പഞ്ചാബ് സൂപ്പർ കിംഗ്സ് ഇഷാൻ കിഷന് വേണ്ടി ലേലം വിളിച്ചു. ലേലത്തുക പത്ത് കോടി ആയപ്പോൾ പഞ്ചാബ് പിന്മാറി. എന്നാൽ അപ്പോഴേകും ഗുജറാത്ത് താരത്തിന് വേണ്ടി രംഗത്തെത്തി. ലേലത്തുക 12 കോടി എത്തിയപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദും ഇഷാൻ കിഷന് വേണ്ടി രംഗത്ത് എത്തിയതോടെ ലേലത്തുക കുത്തനെ ഉയർന്നു. ഒടുവിൽ 15.25 കോടി രൂപയ്‌ക്ക് മുംബയ് തങ്ങളുടെ പ്രിയ താരത്തെ സ്വന്തമാക്കുമ്പോൾ തകർന്നു വീണത് ഐ പി എൽ താരലേലത്തിന്റെ ചരിത്രത്തിലെ തന്നെ നിരവധി റെക്കാഡുകളാണ്.
ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് ഇഷാൻ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് 16 കോടി രൂപ സ്വന്തമാക്കിയ യുവ്‌രാജ് സിംഗിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇഷാൻ കിഷൻ.
നേരത്തെ ഇന്ത്യൻ താരം ശിഖർ ധവാനാണ് ആദ്യം ലേലത്തിൽ പോയത്. 8.25 കോടിക്കാണ് ധവാനെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. ശ്രേയസ് അയ്യരെ 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിംഗ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 6.25 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. 6.25 കോടിക്കാണ് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്ലെത്തിയത്. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് ആര്‍സിബി സ്വന്തമാക്കി.