
ന്യൂഡൽഹി : രാജ്യാതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. രണ്ട് ഡോസ് വാക്സിനെടുത്ത ടൂറിസ്റ്റുകൾക്കും വിസയുള്ളവർക്കുമാണ് ഓസ്ട്രേലിയയിൽ പ്രവേശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 7നാണ് രാജ്യം അതിർത്തി തുറക്കാൻ ഒരുങ്ങുന്ന വിവരം പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 21 മുതൽ രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്ത വിസയുള്ള എല്ലാവർക്കും ടൂറിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും മറ്റും ഓസ്ട്രേലിയയിലെത്താനാകുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഓസ്ട്രേലിയയുടെ നീക്കം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഗുണം ചെയ്യുന്നതാണ്.
വിദ്യാർത്ഥികൾ, താത്കാലിക വിസയുള്ളവർ, കുടുംബങ്ങൾ, ഇന്ത്യയിൽ തിരിച്ചെത്താൻ സാധിക്കാതെ കാത്തിരിക്കുന്നവർ എന്നിവർക്ക് ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം ഏറെ സഹായകരമാണെന്ന് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു.
മെൽബണിൽ ആരംഭിച്ച ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്വാഡ് യോഗം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്. ജയ്‌ശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരിസ് പെയ്‌നും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ജയ്‌ശങ്കറിന്റെ പ്രതികരണം.