
പൂനെ: 1950 - 60കളിൽ ഓട്ടോറിക്ഷകളും ടെംപോ വാനുകളും വിൽപന നടത്തികൊണ്ടിരുന്ന ബജാജ് മോട്ടോഴ്സിനെ ഇന്ത്യയിലെ മദ്ധ്യവർഗത്തിന്റെ പ്രിയ വാഹനനിർമാതാക്കളാകുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ന് അന്തരിച്ച രാഹുൽ ബജാജ്. ഇറ്റാലിയൻ മോഡലായ വെസ്പ സ്പ്രിനിറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിർമിച്ച ബജാജ് ചേതക്കും പ്രിയ സ്കൂട്ടറുകളും ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായെങ്കിൽ അതിന് പിന്നിൽ രാഹുൽ ബജാജിന്റെ ദീർഘവീക്ഷണമാണ്.
അക്കാലത്ത് ഇന്ത്യക്കാർക്ക് മറ്റേതൊരു വാഹനകമ്പനിയേയും പോലെ ഒന്നു മാത്രമായിരുന്നു ബജാജ്. എന്നാൽ ഹമാരാ ബജാജ് എന്ന ക്യാമ്പയിനിലൂടെ രാഹുൽ ബജാജ് ഒരു ബ്രാൻഡ് തന്നെ സ്ഥാപിച്ചു. ബജാജ് വാഹനങ്ങളുടെ ഡിമാൻഡ് കുത്തനെ ഉയർന്നു. അക്കാലങ്ങളിൽ ബജാജിന്റെ പ്രിയ, ചേതക്ക് സ്കൂട്ടറുകൾ ഓർഡർ ചെയ്ത് കൈയിൽ കിട്ടാൻ പത്ത് വർഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നെന്ന് പറയുന്നത് തന്നെ ആളുകൾ എത്രത്തോളം ആ വാഹനങ്ങളെ ഇഷ്ടപ്പെട്ടിരുന്നെന്നതിന് തെളിവാണ്.
2005ൽ രാജ്യം സ്കൂട്ടറുകളിൽ നിന്ന് ബൈക്കുകളിലേക്ക് ചുവടുമാറ്റുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ബജാജ് അന്താരാഷ്ട്ര വാഹനനിർമാതാക്കളായ കാവസാക്കിയുമായി ചേർന്ന് മോട്ടോർ ബൈക്കുകൾ ഇന്ത്യൻ നിരത്തിൽ എത്തിച്ചിരുന്നു. ഇതിനു പിന്നിലും പ്രവർത്തിച്ചിരുന്നത് രാഹുൽ ബജാജ് ആയിരുന്നു. ജാപ്പനീസ് വാഹനനിർമാതാക്കളായ കാവസാക്കിയുമായി ചേർന്ന് ബൈക്കുകൾ നിരത്തിലിറക്കി തുടങ്ങിയെങ്കിലും അപ്പോഴും അദ്ദേഹം സ്കൂട്ടറുകൾ കൈവിടാൻ തയ്യാറായിരുന്നില്ല. ബജാജ് ചേതക്ക് ക്ളാസിക്ക് എന്ന പേരിൽ ചേതക്കിന്റെ പുതിയ മോഡലുകൾ അദ്ദേഹം നിരത്തിലെത്തിച്ചെങ്കിലും അപ്പോഴേക്ക് രാജ്യം ഫോർ സ്ട്രോക്ക് ബൈക്കുകൾക്ക് പിന്നാലെ ചലിക്കാൻ തുടങ്ങിയിരുന്നു.
2005ൽ ബജാജ് സ്കൂട്ടർ നിർമാണം പൂർണമായും നിർത്തി ബൈക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. രാഹുൽ ബജാജിന്റെ മകൻ രാജീവ് ബജാജ് ആയിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. എന്നാൽ ഈ തീരുമാനത്തോട് യോജിക്കാൻ സാധിക്കാത്ത രാഹുൽ ബജാജ് സ്വന്തം മകനുമായി പരസ്യമായി വാക്കുതർക്കം വരെ നടത്തിയിരുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തന്റെ താത്പര്യത്തിന് എതിരായി ബജാജ് സ്കൂട്ടർ നിമാണം പൂർണമായും നിർത്താൻ തീരുമാനിച്ചപ്പോൾ 2005ൽ ബജാജ് മോട്ടോഴ്സിന്റെ ചെയർമാൻ സ്ഥാനം മകന് നൽകി അദ്ദേഹം നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറി.
കഴിഞ്ഞ വർഷം ബജാജിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു. എന്നാൽ അതിന് മുമ്പരായി രാഹുൽ ബജാജ് ഒരു കാര്യം ചെയ്തു. പഴയ ബജാജ് ചേതക്കിന്റെ മടങ്ങി വരവ് ഉറപ്പാക്കിയശേഷമാണ് അദ്ദേഹം കമ്പനിയുടെ പടിയിറങ്ങിയത്. 2020ൽ ലോഞ്ച് ചെയ്ത് ബജാജ് ചേതക്ക് ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ആയിട്ടാണ് വിപണിയിൽ മടങ്ങിയെത്തിയത്.