
മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിൽ ആരംഭിച്ച ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ' ക്വാഡ് " ഉച്ചകോടിയിൽ ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഇന്ത്യയുമായി രേഖാമൂലമുള്ള കരാറുകൾ പാലിക്കാൻ ചൈന പരാജയപ്പെട്ടതാണ് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷത്തിന് കാരണമായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞു.
ഒരു വലിയ രാജ്യം കരാറുകൾ അവഗണിക്കുമ്പോൾ അത് അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവൻ ആശങ്കയായി മാറുമെന്ന് ജയ്‌ശങ്കർ പറഞ്ഞു. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങളുടെ പ്രവർത്തനങ്ങളും നിലപാടുകളും വളരെ വ്യക്തമാണെന്നും അതിനെ ആവർത്തിച്ച് വിമർശിക്കുന്നതിലൂടെ വിശ്വാസ്യത കുറയുന്നില്ലെന്നും ക്വാഡ് കൂട്ടായ്മയെ നിരന്തരം എതിർക്കുന്ന ചൈനയെ ഉദ്ദേശിച്ച് ജയ്‌ശങ്കർ വിമർശിച്ചു.