biden

വാഷിംഗ്ടൺ : ഫെബ്രുവരി 16ന് യുക്രെയിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് പറഞ്ഞതായി റിപ്പോർട്ട്. യു.എസിലെ വിർജീനിയ ആസ്ഥാനമായ ഒരു മാദ്ധ്യമമാണ്‌ വാർത്ത റിപ്പോർട്ട് പുറത്തുവിട്ടത്. യു.കെ, ജർമ്മനി, ഇറ്റലി, കാനഡ, പോളണ്ട്, ഫ്രാൻസ്, നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണത്രെ ബൈഡൻ ഇക്കാര്യം സൂചിപ്പിച്ചത്.

മിസൈൽ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും യുക്രെയിന് നേരെയുള്ള അധിനിവേശത്തിന് മുന്നേ റഷ്യ ആരംഭിച്ചേക്കാമെന്നും ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയിന് നേരെ സൈബർ ആക്രമണങ്ങൾ അടുത്തിടെയായി വർദ്ധിച്ചിട്ടുണ്ട്.

അതേ സമയം, യുക്രെയിന് നേരേയുള്ള റഷ്യൻ ആക്രമണം ബോംബാക്രണത്തിലൂടെയോ മിസൈൽ ആക്രമണത്തിലൂടെയോ ആരംഭിക്കാൻ സാദ്ധ്യതയുള്ളതായി യു.എസ് നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം, ഫെബ്രുവരി 16ന് ആക്രമണം നടന്നേക്കുമെന്ന വാർത്തകളെ സംബന്ധിച്ച് യു.എസോ മറ്റ് രാജ്യങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് റഷ്യ

മോസ്കോ : യുക്രെയിനിൽ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി റഷ്യ. റഷ്യൻ അധിനിവേശം ഭയന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നതായി യു.എസ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യയുടെ നീക്കം. യുക്രെയിനിന്റെയും അവരുടെ സഖ്യരാജ്യങ്ങളിൽ നിന്നും തങ്ങൾക്കെതിരെ പ്രകോപനങ്ങൾ ഉണ്ടായേക്കാമെന്ന പശ്ചാത്തലത്തിലാണ് ചില നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത് എന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി ആൻഡ്രെ റുഡെൻകോ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

' ഞങ്ങൾക്ക് അറിയാത്ത ഏതൊക്കെയോ കാര്യങ്ങൾ അവർക്കറിയാമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് യുക്രെയിനിലെ ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതുപോലെ തന്നെ, യുക്രെയിൻ ഭരണകൂടത്തിൽ നിന്നോ മൂന്നാം രാജ്യങ്ങളിൽ നിന്നോ സാദ്ധ്യമായ പ്രകോപനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കേണ്ടതും ഞങ്ങളുടെ കടമയാണ്. " അദ്ദേഹം പറഞ്ഞു.

 ട്രൂപ്പിനെ പിൻവലിച്ച് യു.എസ്

ഫ്ലോറിഡ നാഷണൽ ഗാർഡ് ട്രൂപ്പിനോട് യുക്രെയിൻ വിടാൻ ഉത്തരവിട്ട് യു.എസ് ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ. നവംബർ മുതൽ യുക്രെയിനിൽ നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായി 160 സൈനികരാണ് ട്രൂപ്പിലുള്ളത്. ഇവരെ യൂറോപ്പിലെ മറ്റെവിടേക്കെങ്കിലും മാറ്റും. അതേ സമയം, യുക്രെയിൻ മിലിട്ടറിയെ പിന്തുണയ്ക്കുന്ന നടപടി തുടരുമെന്ന് പെന്റഗൺ വ്യക്തമാക്കി.

 ശത്രുവിന്റെ ഉറ്റസുഹൃത്ത് ' പരിഭ്രാന്തി "

യുക്രെയിനിന്റെ ശത്രുക്കളുടെ ഉറ്റസുഹൃത്ത് തങ്ങളുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന ' പരിഭ്രാന്തി " ആണെന്ന് യുക്രെയിനിയൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. നിലവിലെ സാഹചര്യങ്ങളെല്ലാം രാജ്യത്തെ സഹായിക്കുന്നതിന് പകരം പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരന്മാർ ഇത് മനസിലാക്കി ശാന്തത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 എംബസി ഒഴിപ്പിക്കുമെന്ന് യു.എസ്

വാഷിംഗ്ടൺ : യുക്രെയിനിൽ ഇനിയും തുടരുന്ന യു.എസ് പൗരന്മാർ വരുന്ന 24 മുതൽ 48 മണിക്കൂറിനുള്ളിൽ രാജ്യംവിടണമെന്ന വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ നിർദ്ദേശത്തിന് പിന്നാലെ കീവിലെ തങ്ങളുടെ എംബസിയിലെ ജീവനക്കാരും മടങ്ങിയെത്തണമെന്ന് യു.എസ്.

എംബസിയിലെ എല്ലാ നോൺ - എമർജൻസി ജീവനക്കാരും തിരികെയെത്തണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം. റഷ്യൻ അധിനിവേശം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്നിരിക്കെ പൗരന്മാർ യുക്രെയിനിലേക്ക് യാത്ര നടത്തരുതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു.

 നിർദ്ദേശവുമായി കൂടുതൽ രാജ്യങ്ങൾ

യു.എസിന് പുറമേ കൂടുതൽ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ യുക്രെയിൻ വിടണമെന്ന നിർദ്ദേശവുമായി രംഗത്തെത്തി. കിഴക്കൻ യുക്രെയിനിലേക്ക് യാത്ര പാടില്ലെന്ന് തുർക്കി തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകി.

അടിയന്തര സാഹചര്യത്തിന് സാദ്ധ്യതയുണ്ടെന്നും അതിനാൽ പരിഭ്രാന്തരാകാതെ ജാഗ്രതയോടെ തയാറായി ഇരിക്കണമെന്നും എംബസിയിൽ സമ്പർക്കം പുലർത്തണമെന്നും ഇറാൻ യുക്രെയിനിലെ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകി.

യുക്രെയിൻ വിടുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നിർദ്ദേശിച്ചു. കുവൈറ്റ്, സൗദി അറേബ്യ, ജോർദ്ദാൻ, യു.എ.ഇ, ഇസ്രയേൽ, ലിത്വാനിയ, ഇറാഖ്, നെതർലൻഡ്സ്, ജർമ്മനി, ബ്രിട്ടൺ, ന്യൂസിലൻഡ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗന്മാരോട് യുക്രെയിൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

യുക്രെയിനിലേക്കുള്ള യാത്ര ഒഴിവാക്കാനും ഈ രാജ്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കീവിലെ തങ്ങളുടെ എംബസി അടയ്ക്കില്ലെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പുടിനുമായി സംസാരിച്ച് ബൈഡൻ

മോസ്കോ : യുക്രെയിൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംഭാഷണം നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ പുടിനുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. അമേരിക്കൻ സമയം, ശനിയാഴ്ച പുലർച്ചെ 11.04നാണ് ( ഇന്ത്യൻ സമയം രാത്രി 9.34 ) സംഭാഷണം ആരംഭിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.