
ബെംഗളൂരു: ഐ.പി.എൽ മെഗാ താരലേലത്തിൽ 15.25 കോടി രൂപ പോക്കറ്റിലാക്കി ഇഷാൻ കിഷനും 14 കോടി നേടി ദീപക് ചഹറും 12.25 കോടി നേടി ശ്രേയസ് അയ്യരും പ്രതീക്ഷിച്ചപോലെ മിന്നിത്തിങ്ങിയപ്പോൾ വമ്പൻനേട്ടം കൊയ്ത് ആവേശ് ഖാനും ഷാരൂഖ് ഖാനും രാഹുൽ തെവാത്തിയയും കോടിപതികളായി. 20ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന സൂപ്പർ പേസർ ആവേശ് ഖാനെ 10 കോടി രൂപയ്ക്കാണ് ലക്നൗ സൂപ്പർ ജയിന്റ്സ് നേടിയത്. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ഷാരൂഖിനായി അവസാന നിമിഷം വരെ വെല്ലുവിളി ഉയർത്തിയ ചെന്നൈയെ മറികടന്ന് അദ്ദേഹത്തിന്റെ മുൻ ടീമായ പഞ്ചാബ് കിംഗ്സ് തന്നെ താരത്തെ 9 കോടിയ്ക്ക് സ്വന്തമാക്കുകയായിരുന്നു. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന രാഹുൽ തെവാത്തിയയെ 9 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റൻസാണ് സ്വന്തമാക്കിയത്.ഇതേ അടിസ്ഥാന വിലയുണ്ടായിരുന്ന രാഹുൽ ത്രിപതിയെ 8.5 കോടിയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി.
ധവാനിൽ തുടക്കം
ബെംഗളൂരുവിലെ ഐ.ടി.സി ഗാർഡേനിയയിൽ ഇന്നലെ ഉച്ചയ്ക്ക് 12 ന് തുടങ്ങിയ ലേലത്തിൽ മാർക്വീ താരം ശിഖർ ധവാനായിരുന്നു ആദ്യത്തെ താരം. ധവാനെ പഞ്ചാബ് കിംഗ്സ് 8.25 കോടിയ്ക്ക് സ്വന്തമാക്കി. ഇഷാൻ കിഷനായിസൺറൈസേഴ്സ് ഹൈദരാബാദ് മത്സരിച്ച് രംഗത്തുണ്ടായിരുന്നു. ഒടുവിൽ 15.25 കോടിയിൽ തങ്ങളുടെ പ്രിയതാരത്തെ മുംബയ് സ്വന്തമാക്കി.
ഇന്നലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമായത് പേസർ ദീപക് ചഹറാണ്. ചഹറിനെ 14 കോടിരൂപയ്ക്ക് അദ്ദേഹത്തിന്റെ മുൻ ടീം ചെന്നൈ സൂപ്പർകിംഗ്സ് തന്നെ സ്വന്തമാക്കി. ഐ.പി.എൽ ലേലത്തിൽ ഒരു ഇന്ത്യൻ ബൗളർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ശ്രേയസ് അയ്യരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 12.25 കോടിക്കാണ് സ്വന്തമാക്കിയത്. മാർക്വീ താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത് ശ്രേയസാണ്.
ബേസിലും
ആസിഫും
മലയാളി പേസർമാരായ ബേസിൽ തമ്പിയെ 30 ലക്ഷത്തിന് മുംബയ് ഇന്ത്യൻസും കെ.എം. ആസിഫിനെ 25 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിംഗ്സും സ്വന്തമാക്കി. അതേസമയം മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണുവിനോദും ഇന്നലെ അൺസോൾഡായി.
ആരും വിളിക്കാത്ത
പ്രമുഖർ
ഒന്നാം ദിനം ആരു വിളിക്കാതിരുന്ന പ്രമുഖർ -റെയ്ന, സ്മിത്ത്, മില്ലർ, ഷാക്കിബ് ,നബി, വേഡ്, സാഹ, ഉമേഷ്,ബില്ലിംഗ്സ്,ആദിൽ റഷീദ്, മുജീബ്, ഇമ്രാൻ താഹിർ, സാംപ,അമിത് മിശ്ര.
ഒന്നാം ദിനം കഴിയുമ്പോൾ
ചെന്നൈ
ചേലവാക്കിയത് -69.55 കോടി, ബാക്കി-20.45 കോടി
നിലനിറുത്തിയവർ- ധോണി (12 കോടി), ജഡേജ (16കോടി), റുതുരാജ് (6 കോടി), മോയിൻ അലി (8 കോടി).
ലേലത്തിൽനിന്ന് - അമ്പാട്ടി (6.75 കോടി),ഉത്തപ്പ (2 കോടി), ചഹർ (14 കോടി), ബ്രാവോ (4.40 കോടി), ആഷിക് (20 ലക്ഷം), തുഷാർ (20 ലക്ഷം)
ഡൽഹി
ചെലവാക്കിയത് -73.50 കോടി ബാക്കി -16.50 കോടി
നിലനിറുത്തിയത് -പന്ത് (16 കോടി), പ്രിഥ്വി (7.50 കോടി), നോർക്യെ(6.50കോടി), അക്ഷർ (9കോടി).
ലേലത്തിൽ നിന്ന് - വാർണർ (6.25 കോടി),മാർഷ് (6.50 കോടി),മുസ്തഫിസുർ (2 കോടി), ഷർദ്ദുൽ (10.75 കോടി),കുൽദീപ് (2 കോടി), ഹെബ്ബാർ (20 ലക്ഷം), നഗർകോട്ടി (1.10 കോടി), സർഫ്രാസ് (20 ലക്ഷം),ഭരത് (2കോടി)
ബാംഗ്ലൂർ
ചെലവാക്കിയത് -80.75 കോടി, ബാക്കിയുള്ളത് -9.25 കോടി
നിലനിറുത്തിയത് - കൊഹ്ലി (15കോടി), മാക്സ്വെൽ (11കോടി),സിറാജ് (7കോടി)
ലേലത്തിൽ നിന്ന് -ഹേസൽവുഡ് (7.75കോടി), കാർത്തിക് (5.50കോടി), ഹർഷൽ (10.75 കോടി),ഡുപ്ലെസിസ് (7 കോടി), ഹസരങ്ക (10.75 കോടി),ഷഹബാസ് (2.40കോടി), അനുജ് (3.4 കോടി),അകാശ് ദീപ് (20ലക്ഷം)
കൊൽക്കത്ത
ചെലവാക്കിയത് -77.35 കോടി, ബാക്കിയുള്ലത് -12.65കോടി
നിലനിറുത്തിയവർ -റസ്സൽ (12കോടി), നരെയ്ൻ (6കോടി),വരുൺ (8കോടി),വെങ്കിടേഷ് അയ്യർ (8കോടി).ലേലത്തിൽ നിന്ന്-ശ്രേയസ് (12.25 കോടി),പാറ്റ്കമ്മിൻസ് (7.25കോടി),റാണ(8കോടി),മവി(7.25കോടി), ജാക്സൺ (60ലക്ഷം).
രാജസ്ഥാൻ
ചെലവാക്കിയത് -77.85കോടി, ബാക്കിയുള്ളത് -12.15കോടി.
നിലനിറുത്തിയത് -സഞ്ജു (14കോടി),ബട്ട്ലർ (10കോടി), യശ്വസി(4കോടി).ലേലത്തിൽ നിന്ന് -ദേവദത്ത് (7.75കോടി),അശ്വിൻ(5കോടി),ചഹൽ (6.50കോടി), പ്രസിദ്ധ് (10കോടി),ഹെറ്റ്മേയർ (8.50കോടി),ബൗൾട്ട് (8കോടി),പരാഗ്(3.80കോടി), കരിയപ്പ (30 ലക്ഷം)
ഗുജറാത്ത്
ചെലവാക്കിയത് -71.15കോടി, ബാക്കിയുള്ളത് -18.85കോടി. ലേലത്തിന് മുമ്പ് -ഹാർദ്ദിക് (15കോടി),ഗിൽ (8കോടി),റാഷിദ് (15കോടി).ലേലത്തിൽ നിന്ന്-ഷമി(6.25കോടി),ഫെർഗൂസൺ(10കോടി),അഭിനവ് (2.60കോടി), തെവാത്തിയ (9കോടി),റോയ് (2കോടി),സായി കിഷോർ (കോടി),നൂർ (30 ലക്ഷം).
മുംബയ്
ചെലവാക്കിയത് -62.15 കോടി, ബാക്കിയുള്ളത് - 27.85 കോടി.
നിലനിറുത്തിയവർ - രോഹിത് (16കോടി), സൂര്യകുമാർ (8കോടി),ബുംറ (12കോടി), പൊള്ളാഡ് (6കോടി).ലേലത്തിൽ നിന്ന് - ഇഷാൻ (15.25കോടി),ബ്രെവിസ് (3കോടി), ബേസിൽ (30ലക്ഷം),മുരുഗൻ (1.6കോടി)
ഹൈദരാബാദ്
ചെലവാക്കിയത് -69.85 കോടി, ബാക്കിയുള്ളത് -20.15കോടി
നിലനിറുത്തിയത് -വില്യംസൺ(14കോടി), ഉമ്രാൻ(45കോടി),സമദ് (4കോടി) ലേലത്തിൽ നിന്ന്- ഭുവനേശ്വർ (4.20 കോടി),സുന്ദർ (8.75കോടി), പൂരൻ(10.75കോടി),നടരാജൻ (4കോടി), ത്രിപതി (8.45 കോടി),ഗാർഗ് (20ലക്ഷം), ത്യാഗി (4കോടി), അഭിഷേക് (6.5കോടി), ഗോപാൽ (75ലക്ഷം),
ലക്നൗ
ചെലവാക്കിയത്-83.10കോടി, ബാക്കിയുള്ളത് 6.90കോടി
ലേലത്തിന് മുമ്പ് - രാഹുൽ (17കോടി), ബിഷ്ണോയി(4കോടി),സ്റ്റോയിനിസ് (9.20കോടി).ലേലത്തിൽ നിന്ന്- മനീഷ് (4.60കോടി),വുഡ് (7.50കോടി),ഡികോക്ക് (6.75കോടി), ഹോൾഡർ(8.75കോടി),ക്രുനാൽ (8.25കോടി),ഹൂഡ (5.75കോടി),ആവേശ് (10 കോടി), അങ്കിത് (50ലക്ഷം).
പഞ്ചാബ്
ചെലവാക്കിയത് -61.35കോടി, ബാക്കിയുള്ളത് -28.65കോടി. നിലനിറുത്തിയത്-മായങ്ക് അഗർവാൾ (12കോടി),അർഷദീപ്(4കോടി).ലേലത്തിൽ നിന്ന്-ധവാൻ(8.25കോടി), ബെയസ്റ്റോ(6.75കോടി),റബാഡ (9.25കോടി), രാഹുൽ ചഹർ (5.25കോടി),ഹർപ്രീത് (3.8കോടി), ഷാരൂഖ് (9കോടി), പ്രഭ്സിമ്രാൻ (20ലക്ഷം),പോറൽ(25ലക്ഷം).
കുഴഞ്ഞുവീണ എഡ്മെഡെസിന്റെ
ആരോഗ്യനില തൃപ്തികരം
ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ് മെഡെസിനെ രക്തസമ്മർദ്ദം കുറഞ്ഞ് കുഴഞ്ഞു വീണതിനെ തുടർന്ന് അശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബി.സി.സി.ഐ അറിയിച്ചു. പകരം കമന്റേറ്ററും ക്വിസ് മാസ്റ്ററുമായ ചാരു ശർമ്മയാണ് ലേലം നിയന്ത്രിച്ചത്. ഇന്നലെ വാനിൻഡു ഹസരങ്കയുടെ ലേലം നടക്കുമ്പോഴായിരുന്നു എഡ്മെഡസ് കുഴഞ്ഞുവീണത്. ഉടൻ സംഘാടകരും ഫ്രാഞ്ചൈസി ഉടമകളും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എഡ്മെഡെസ് കുഴഞ്ഞുവീണതിനെ തുടർന്ന് ലേലം കുറച്ച് സമയത്തേക്ക് നിറുത്തിവച്ചിരുന്നു. 2018മുതൽ ഐ.പി.എൽ ലേലം നിയന്ത്രിക്കുന്നത് എഡ്മെഡസാണ്.
ശത്രുക്കൾ ഇനിയൊന്നിച്ച്
മെഗാലേലത്തിലൂടെ ശത്രുക്കൾ ഒരേ തട്ടകത്തിൽ എത്തിയത് ചർച്ചകൾക്ക് വഴിതെളിച്ചു. ഐ.പി.എല്ലിലെ മങ്കാദിംഗ് വിവാദത്തിലെ നായകരായ ജോസ് ബട്ട്ലറും ആർ.അശ്വിനും ഇത്തവണ രാജസ്ഥാൻ റോയൽസിനായി ഒന്നിച്ച് കളത്തിലിറങ്ങും എന്നത് കൗതുകമായി. ആർ.അശ്വിനെ 5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ മെഗാലേലത്തിൽ സ്വന്തമാക്കിയത്. ബട്ട്ലറെ നേരത്തെ അവർ നിലനിറുത്തിയിരുന്നു.
അശ്വിൻ പഞ്ചാബ് കിംഗ്സിന്റെ താരമായിരുന്നപ്പോഴാണ് നോൺസ്ട്രൈക്കർ എൻഡിലെ ക്രീസിൽ നിന്നിറങ്ങിയ ബട്ട്ലറെ ബോളിംഗ് റണ്ണപ്പെടുക്കുന്നതിനിടെ റണ്ണൗട്ടാക്കിയത്. ഇത് വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നു. വിരേന്ദർ സെവാഗ് ഉൾപ്പെടെയുള്ലവർ ബട്ട്ലറും അശ്വിനും ഒന്നിക്കുന്നതിനെക്കുറിച്ച് ട്രോളുമായി രംഗത്തെത്തി.
ശത്രുക്കളായ ക്രുനാൽ പാണ്ഡ്യയേയും ദീപക് ഹൂഡയേയും ഐ.പി.എല്ലിലെ പുതിയ ടീമായ ലക്നൗ സൂപ്പർ ജയിന്റ്സ് സ്വന്തമാക്കിയതും കൗതുകമായി. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ക്രുനാലിനെ 8.25 കോടിയ്ക്കും 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ദീപക് ഹൂഡയെ 5.75 കോടിയ്ക്കുമാണ് ലക്നൗ സ്വന്തമാക്കിയത്.
ആഭ്യന്തര ക്രിക്കറ്റിൽ ക്രുനാൽ ബറോഡയുടെ ക്യാപ്ടനും ദീപക് വൈസ് ക്യാപ്ടനുമായിരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ തെറ്റുന്നത്. വഴക്ക് രൂക്ഷമാവുകയും ദീപകിന് ബറോഡ ടീം വിടേണ്ടി വരികയും ചെയ്തിരുന്നു.