
തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഒമ്പതുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ കാലടി മരതൂർക്കടവ് സ്വദേശി ജയകുമാറിന് 20 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷിച്ചത്.കുട്ടിയും കുടുംബവും പ്രതിയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.കുട്ടിയുടെ പിതാവിന് ഗൾഫിലാണ് ജോലി. ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടിയെ പ്രതി 2019 ജൂൺ 27 ന് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീട്ടുകാർ പുറത്ത് പോകുന്ന സമയത്ത് കുട്ടിയെ പ്രതിയുടെ വീട്ടിലാക്കി പോകാൻ ശ്രമിച്ചപ്പോൾ കുട്ടി കരയുകയും പീഡനവിവരം അമ്മയോട് പറയുകയും ചെയ്തു. കുട്ടിയുടെ അമ്മ ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.