
കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) മുത്തൂറ്റ് ഫിനാൻസ് നടപ്പുവർഷം (2021-22) ഡിസംബർപാദത്തിൽ നാലുശതമാനം പാദാടിസ്ഥാന വളർച്ചയോടെ 1,044 കോടി രൂപയുടെ സംയോജിതലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 1,006 കോടി രൂപയായിരുന്നു.
മൊത്തം വരുമാനം 3,016.40 കോടി രൂപയിൽ നിന്ന് അഞ്ചു ശതമാനം ഉയർന്ന് 3,168.10 കോടി രൂപയായി. 3,086.70 കോടി രൂപയാണ് പലിശവരുമാനം; വർദ്ധന അഞ്ചു ശതമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിൻ ഇന്ത്യ, ബെൽസ്‌റ്റാർ മൈക്രോഫിനാൻസ്, മുത്തൂറ്റ് ട്രസ്‌റ്റീ പ്രൈവറ്റ് ലിമിറ്റഡ്, മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്‌സ്, മുത്തൂറ്റ് മണി, ശ്രീലങ്കയിലെ ഏഷ്യ അസറ്റ് ഫിനാൻസ് തുടങ്ങിയവയുടെ കൂടിച്ചേർത്തുള്ള പ്രവർത്തനഫലമാണിത്.
കഴിഞ്ഞപാദ കണക്കുപ്രകാരം 54,687.60 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വായ്‌പകൾ. ഇതിൽ 54,215 കോടി രൂപ ഗോൾഡ് ലോണാണ്; വർദ്ധന ഒമ്പതു ശതമാനം. കൊവിഡ് പ്രതിസന്ധിയിലും വായ്‌പാവിതരണത്തിൽ 22 ശതമാനവും ഗോൾഡ് ലോൺ റിക്കവറിയിൽ 38 ശതമാനവും വളർച്ച നേടാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.