prasidh-krishna

ബംഗളൂരു: ക്രിക്കറ്റ് ആരാധകർക്ക് എന്നും അത്ഭുതങ്ങൾ മാത്രം നൽകിയിട്ടുള്ള ഇടമാണ് ഐ പി എൽ ലേലം. പ്രതീക്ഷിക്കുന്ന താരങ്ങൾക്ക് ചിലപ്പോൾ വലിയ വില ലഭിച്ചെന്ന് വരില്ല, എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ക്രിക്കറ്റർമാർ വൻ തുകയ്ക്ക് വിറ്റ് പോകുകയും ചെയ്യും. ഇത്തവണത്തെ ലേലത്തിന്റെ ആദ്യ ദിനവും ഒട്ടും മോശമായിരുന്നില്ല. ഇഷാൻ കിഷനെ പോലുള്ള താരങ്ങൾ വൻ തുക സ്വന്തമാക്കിയെങ്കിൽ ചെറിയ തുകയ്ക്ക് വിറ്റ് പോകുമെന്ന് കരുതിയ താരങ്ങളിൽ ചിലർ പത്ത് കോടി ക്ളബിൽ കയറുകയും ചെയ്തിട്ടുണ്ട്. അവർ ആരൊക്കെയെന്ന് നോക്കാം.

1 പ്രസീദ് കൃഷ്ണ

ഐ പി എല്ലിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. ആദ്യമായി ഒരു ഐ പി എൽ ടീമിൽ സ്ഥാനം പിടിക്കുന്നത് പകരക്കാരനായി. ഇന്ത്യക്ക് വേണ്ടി വെറും ഏഴ് അന്താരാഷ്ട്ര ഏകദിനങ്ങളും 18 അന്താരാഷ്ട്ര വിക്കറ്റുകളും. പക്ഷേ രാജസ്ഥാൻ റോയൽ ഇത്തവണത്തെ ലേലത്തിൽ ഇദ്ദേഹത്തെ സ്വന്തമാക്കുന്നത് 10 കോടി രൂപക്ക്. പിന്നിൽ രണ്ട് കാരണങ്ങൾ മാത്രം. ഒന്ന്, വെസ്റ്റിൻഡീസിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയിൽ നടത്തിയ മികച്ച ബൗളിംഗും അതിലൂടെ സ്വന്തമാക്കിയ മാൻ ഒഫ് ദ മാച്ച് പുരസ്കാരവും. രണ്ട്, ഐ പി എൽ നടക്കാൻ സാദ്ധ്യതയുള്ള മുംബയ് വിക്കറ്റുകൾ കൂടുതൽ തുണയ്ക്കുക പേസ് ബൗള‌മാരെയായിരിക്കും എന്ന് മുൻകൂട്ടി ലഭ്യമായ വിവരവും. ഇതുവരെയുള്ള ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് പ്രസീദ്.

2. ദീപക് ചാഹർ

ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റുപോയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ എന്ന് സ്ഥാനം പ്രസീദ് കൃഷ്ണയ്ക്കാണെങ്കിൽ ആദ്യ സ്ഥാനം ദീപക് ചാഹറിനാണ്. 14 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ചാഹറിനെ സ്വന്തമാക്കിയത്. 2018ൽ നടന്ന ഇതിന് മുമ്പിലത്തെ ലേലത്തിൽ 80 ലക്ഷം രൂപ മാത്രമാണ് ദീപക് ചാഹറിന് വേണ്ടി സി എസ് കെ മുടക്കിയത്. എന്നാൽ കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനങ്ങളിലൂടെ എം എസ് ധോണിയുടെ ടീമിലെ പ്രധാന താരങ്ങളിലൊരാളായി മാറിയ ദീപക്കിന് വേണ്ടി 14 കോടി മുടക്കാൻ ചെന്നൈക്ക് ഒരു മടിയുമില്ലായിരുന്നു. എങ്കിലും 80 ലക്ഷത്തിൽ നിന്നും 14 കോടിയിലേക്കുള്ള ദീപക്കിന്റെ വള‌ർച്ച അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

3. നിക്കോളാസ് പൂരാൻ

വമ്പൻ അടികളുടെ തമ്പുരാനാണ് നിക്കോളാസ് പൂരാൻ. എന്നാൽ കഴിഞ്ഞ നിരവധി മത്സരങ്ങളിലായി പൂരാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിനാൽ തന്നെ വെസ്റ്റിൻഡീസ് താരത്തിന് വേണ്ടി അധികമാരും രംഗത്ത് വരാൻ സാദ്ധ്യതയില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 10.75 കോടി രൂപയ്ക്കാണ് പൂരാനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അദ്ദേഹത്തിന് വേണ്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമിച്ചിരുന്നു.

4. വനിന്ദു ഹസാരംഗെ

ശ്രീലങ്ക ഓൾറൗണ്ടർ വനിന്ദു ഹസാരംഗയാണ് ലേലത്തുക കൊണ്ട് അമ്പരപ്പിച്ച മറ്റൊരു താരം. 10.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഹസാരംഗയെ സ്വന്തമാക്കിയത്. ഒരു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന തുക.