
ചിറ്റൂർ: വടിവാളുമായി സംഘം പിടിയിലായി. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും കൂട്ടാളികളുമാണ് വടിവാളുമായി കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ നെടുമ്പാറയ്ക്ക് സമീപം വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ നിന്നും 72 സെറ്റീമീറ്റർ നീളമുള്ള വടിവാളുമായി നാലംഗ സംഘം പിടിയിലാകുന്നത്. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വി.ഷാജി (53), കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി എസ്.വിനീത് (36), കൊടുങ്ങല്ലൂർ പതിശ്ശേരി സ്വദേശി യു.ശങ്കർ (34), എരുത്തേമ്പതി മൂങ്കിൽമട സ്വദേശി എം.രാജകുമാർ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ പൊലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. തൃശ്ശൂർ മതിലകം സ്റ്റേഷനിൽ കൊലപാതകമുൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണ് ഷാജി. പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി.