pvl

ഹൈദരാബാദ്: ബംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട് പ്രൈം വോളിബാൾ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്നു. 15-–13, 15-–8, 9-–15, 15-–12, 15-–10 എന്ന സ്കോറിനാണ് കൊൽക്കത്ത തണ്ടർബോൾട്ട് ബംഗളൂരുവിനെ തറപറ്റിച്ചത്. ഈ കളിയിൽ നിന്ന് കൊൽക്കത്തയ്ക്ക് രണ്ട് പോയിന്റ് ലഭിച്ചു. കൊൽക്കത്ത തണ്ടർബോൾട്ട്സിന്റെ വിനിത് കുമാർ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട് 6–3ന് ലീഡ് നേടിയിരുന്നെങ്കിലും ടോർപ്പിഡോ തിരിച്ചടിച്ച് സ്കോർ 6–6ന് സമനിലയിൽ എത്തിച്ചു. പിന്നാലെ ഉശിരൻ ബ്ലോക്കുകളിലൂടെ 11–9 എന്ന നിലയിൽ രണ്ട് പൊയിന്റ് ലീഡ് കൊൽക്കത്തസ്വന്തമാക്കി. ആ ലീഡ് അതുപോലെ നിലനിർത്തിയ കൊൽക്കത്ത ആദ്യ സെറ്റ് 15–13ന് സ്വന്തമാക്കി.

രണ്ടാം സെറ്റിലും ആധിപത്യം തുടർന്ന കൊൽക്കത്ത മാത്യു അഗസ്റ്റിന്റെ മനോഹരമായ സ്പെെക്കിലൂടെ ലീഡ് ഉയർത്തികൊണ്ടിരുന്നു. തുടർന്ന് സൂപ്പർ പോയിന്റിലൂടെ 15–8ന് സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയുടെയും അരവിന്ദന്റെയും തകർപ്പൻ പ്രകടനത്തിൽ 4–2ന് കൊൽക്കത്ത മുന്നിലെത്തി. എന്നാൽ ഗണേശയുടെ മിന്നുന്ന സ്പെെക്കിലൂടെ ടോർപിഡോ തിരിച്ചടിച്ചു. പങ്കജ് ശർമയുടെ അതിമനോഹരമായ സ്പെെക്കിൽ നിർണായക സൂപ്പർ പൊയിന്റ് കുറിച്ച് ലീഡും നേടി. ഒടുവിൽ 15–9ന് മൂന്നാം സെറ്റ് ബംഗളൂരു ടോർപ്പിഡോയുടെ പേരിലായി.
നാലാം സെറ്റിൽ അശ്വൽ റായിയുടെ തകർപ്പൻ സ്പൈക്കിലൂടെ 6-–4ന് ലീഡ് നേടി കൊൽക്കത്ത തണ്ടർബോൾട്ട് തിരിച്ചുവന്നു. വിനിത് കുമാറും മിന്നിയതോടെ അവർ ലീഡുയർത്തി. നിർണായക സൂപ്പർ പൊയിന്റ് നേടി 13–10ന് മുന്നിലെത്തി. അശ്വൽ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ ആധിപത്യം ഉറപ്പിച്ചു. സെറ്റ് 15–12ന് കൊൽക്കത്തയ്ക്ക്.

അവസാന സെറ്റിൽ 6–6 എന്ന നിലയിൽ പിരിഞ്ഞ ഇരുടീമുകളും വീണ്ടുമൊരു വാശിയേറിയ പോരാട്ടം നടത്തി. എന്നാൽ അശ്വിന്റെ മികവിലൂടെ 12–9ന് കൊൽക്കത്ത തണ്ടർബോൾട്ട് ലീഡ് നേടി. തരുൺ ഗൗഡയുടെ മിന്നും സെർവ് അവസാന സെറ്റ് 15–10ന് കൊൽക്കത്തയുടെ പേരിലാക്കി.