
മലപ്പുറം: കഴിഞ്ഞ നവംബറിൽ കോഡൂരിൽ വച്ച് 80 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമടക്കം മൂന്ന് പേർ പിടിയിൽ. വയനാട് പുൽപ്പള്ളി ചക്കാലക്കൽ വീട്ടിൽ സുജിത്ത് (28), എറണാകുളം,മൂക്കന്നൂർ സ്വദേശി ശ്രീജിത്ത് (24), പ്രതികൾക്ക് ഒളിതാവളം ഒരുക്കിക്കൊടുത്ത ഷിജു (24) എന്നിവരെയാണ് വയനാട് നമ്പിക്കൊല്ലിയിലുള്ള സ്വകാര്യ റിസോർട്ടിന് സമീപത്തെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. പ്രതികളെ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വയനാട്ടിലെ ഇവരുടെ ഒളിസങ്കേതം വളയുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് വനത്തിലേക്ക് കടന്നു കളഞ്ഞ സുജിത്തിനെ മണിക്കൂറുകൾ തിരഞ്ഞാണ് പിടികൂടാനായത്. കാസർക്കോടിൽ വച്ച് മൂന്നര കോടി രൂപ തട്ടിയെടുത്ത കേസിലും നിരവധി വധശ്രമ കേസിലുമടക്കം പ്രതിയാണ് സുജിത്ത്. സുജിത്തിനൊപ്പം സങ്കേതത്തിലുണ്ടായിരുന്ന ജോബിഷ് ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയിലെടുത്ത് പുൽപ്പള്ളി സ്റ്റേഷനിലേക്ക് കൈമാറി. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസിലുൾപ്പെട്ടവരാണിവർ. ഇതോടെ ആകെ പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസിലുൾപ്പെട്ട അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ടെന്ന് ഇൻസ്പെക്ടർ ജോബി തോമസ് പറഞ്ഞു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ ബിജു പട്ടത്ത്, പി.സഞ്ജീവ്, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, ജസീർ, ഷഹേഷ്, കെ.സിറാജ്ജുദ്ധീൻ, ഹമീദലി, നിധിൻ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.