
ആലപ്പുഴ: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) യുമായി യുവാവ് പിടിയിലായി. എറണാകുളം തമ്മനം സ്വദേശി ലിജുവിനെ (44) യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
140 ഗ്രാം എം.ഡി.എം.എയാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്. ജില്ലയിൽ ആദ്യമായാണ് ഇത്ര വലിയ തോതിൽ എം.ഡി.എം.എ ശേഖരം പിടികൂടുന്നത്. ജില്ലാ പൊലീസ്മേധാവി ജി. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർത്തല ഡിവൈ.എസ്.പി വിജയന്റെ നേത്വത്വത്തിൽ പുച്ചാക്കൽ സി.ഐ അജയ്മോഹൻ ഉൾപ്പെട്ട പ്രത്യേക സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കർണ്ണാടകയിൽ നിന്ന് ബസിൽ ചേർത്തലയെത്തി അവിടെ നിന്നും പുച്ചാക്കൽ ഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടുവന്ന് മണപ്പുറം ജംഗ്ഷനിൽ ഇടപാടുകാരെ കാത്തു നിൽക്കവേയാണ് ലിജുവിനെ പൊലീസ് പിടികൂടിയത്.
പൂച്ചാക്കൽ എസ്.ഐ ജേക്കബ്, സി.പി.ഒമാരായ നിസാർ, അഖിൽ, നിത്യ, ഡാൻസാഫ് എ.എസ്.ഐ
ജാക്സൺ, സീനിയർ സി.പി.ഒ ഉല്ലാസ്, സേവ്യർ, സി.പി.ഒമാരായ അനൂപ്, ജിതിൻ, പ്രവിഷ്, ഗീരിഷ്, ശ്യാം കുമാർ, എബി തോമസ്, അബിൻ എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്
ചെയ്തത്. കഴിഞ്ഞദിവസം പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായത്.