
ന്യൂഡൽഹി . മുംബയ് ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണ ശാലയായ എ.ബി.ജി ഷിപ്പ്യാർഡ് കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന് നടത്തിയത് കോടികളുടെ വായ്‌പാതട്ടിപ്പ്. തട്ടിപ്പിൽ കമ്പനി മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർഷ്യത്തെ കബളിപ്പിച്ചാണ് 22,842 കോടി രൂപ തട്ടിയെടുത്തത്. എക്സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നവേടിയ, എ.ബി.ജി ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരേയും കേസിൽ പ്രതി ചേർത്തു.
2012-17 കാലയളവിൽ റിഷി അഗർവാൾ ചെയർമാനായിരിക്കെ മറ്റ് ഡയറക്ടർമാരുമായി ഒത്തു കളിച്ച് വായ്പയായി ലഭിച്ച കോടികൾ വകമാറ്റിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. . ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്യാർഡുകൾ ഉള്ള എ.ബി.ജിക്കെതിരെ 2019 നവംബർ എട്ടിന് എസ്.ബി.ഐയാണ് ആദ്യം പരാതി നൽകിയത്. സി.ബി.ഐ കൂടുതൽ വിവരങ്ങൾ ചോദിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബാങ്ക് പരാതി പുതുക്കി നൽകി. ഒന്നര വർഷത്തിലേറെ എടുത്ത് പരാതി പരിശോധിച്ച സി.ബി.ഐ ഈ മാസം ഏഴിനാണ് എ.ബി.ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. എസ്.ബി.ഐ എ.ബി.ജിക്ക് വായ്പയായി നൽകിയത് 2468.51 കോടിയാണ്. ഐ.സി.ഐ.സി.ഐ ബാങ്ക് (7,089 കോടി), ഐ.ഡി.ബി.ഐ ബാങ്ക് (3,634 കോടി), ബാങ്ക് ഓഫ് ബറോഡ (1,614 കോടി), പഞ്ചാബ് നാഷനൽ ബാങ്ക് (1,244 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (1228 കോടി) തുടങ്ങിയവയും വായ്പ നൽകിയതായി പുറത്തുവന്നിട്ടുണ്ട്.