
ഛണ്ഡിഗഢ്: ആട്ടിൻകൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17കാരിയെ ആട്ടിടയനായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. പഞ്ചാബിലെ ദേരാ ബസിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ ഗുരി ആദ്യമായി എത്തിയത്. ഇതിനുശേഷം യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ചായക്കടയിൽ വരുമ്പോഴെല്ലാം തന്നോട് ഗുരി സംസാരിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ഇതിനുശേഷമാണ് ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് ഗുരി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. എന്നാൽ സമീപമുള്ള കാട്ടിലേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് ബലമായി പീഡിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പെൺകുട്ടി ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒളിവിലുള്ള പ്രതിയെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതികെ കേസെടുത്തത്.