putin

മോസ്കോ : കഴിഞ്ഞാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വൈറലായിരുന്നു. നീണ്ട മേശയുടെ രണ്ട് അറ്റത്തായി മുഖത്തോട് മുഖം നോക്കി ഇരുവരും ചർച്ച നടത്തിയത് എന്തിനായിരുന്നു എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ റഷ്യയിൽ കൊവിഡ് പരിശോധന നടത്താൻ വിസമ്മിച്ചതിനാലാണ് മാക്രോണിനെ പുടിനിൽ നിന്ന് 13 അടി അകലത്തിൽ ഇരുത്തിയത്.

അപ്പോൾ എന്തുകൊണ്ട് മാക്രോൺ കൊവിഡ് പി.സി.ആർ പരിശോധനയ്ക്ക് വിസമ്മതിച്ചു.? ടെസ്റ്റിലൂടെ റഷ്യയ്ക്ക് തന്റെ ഡി.എൻ.എ ഘടന മനസിലാക്കാൻ കഴിയുമെന്ന സംശയത്തെ തുടർന്നാണ് മാക്രോൺ ഈ തീരുമാനമെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, റഷ്യയിലേക്ക് പുറപ്പെടുന്നതിന് മുന്നേ മാക്രോൺ പരിശോധന നടത്തിയെന്നും സമയപരിമിതിയും ഹെൽത്ത് പ്രോട്ടോക്കോളും കണക്കിലെടുത്താണ് അദ്ദേഹം റഷ്യയിൽ പരിശോധനയ്ക്ക് തയാറാകാതിരുന്നതെന്നും ഫ്രഞ്ച് അധികൃതർ വ്യക്തമാക്കുന്നു.

ഒരാളുടെ ഡി.എൻ.എ ഘടന കൈക്കലാക്കിയാൽ അയാളുടെ ബന്ധുക്കൾ, അയാൾക്കുള്ള ആരോഗ്യ പ്രശ്നങ്ങൾ, രോഗങ്ങൾ എന്നിവ എതിരാളികൾക്ക് മനസിലാക്കാൻ സാധിക്കും. മാത്രമല്ല, കുറ്റകൃത്യങ്ങളിലും മറ്റും ഈ ഡി.എൻ.എ ഉപേക്ഷിക്കുന്നതിലൂടെ നിരപരാധികളെ പ്രതികളാക്കാനും ഫോറൻസിക് സങ്കീർണതകൾ സൃഷ്ടിക്കാനും സാധിക്കും. ഡി.എൻ.എ തെഫ്റ്റ് അഥവാ ഡി.എൻ.എ മോഷണത്തിലൂടെ എതിരാളികൾ തങ്ങൾക്കെതിരെ പ്രതിസന്ധി സൃഷ്ടിച്ചേക്കാം എന്നതിനാൽ ലോകനേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ, ചാരന്മാർ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഇത്തരം സന്ദർഭങ്ങളിൽ നിന്ന് അകലം പാലിക്കാറുണ്ട്.