
കൊച്ചി: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി വസ്‌ത്രങ്ങളിലും ആഭരണങ്ങളിലും സ്വന്തമാക്കിയത് മികച്ച ഓർഡറുകൾ. പേഴ്‌സണൽകെയർ ഉത്‌പന്നങ്ങൾ, സോഫ്‌റ്റ് ടോയ്‌സ്, സെക്ഷ്വൽഹെൽത്ത് ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെ വില്പനയിലും മികച്ച വളർച്ചയുണ്ട്. ശരാശരി 50 ശതമാനമാണ് ഈയിനങ്ങളിലെ വർദ്ധന.
സമ്മാനമായി നൽകുന്ന ഉത്‌പന്നങ്ങളിൽ സ്‌ത്രീകൾ നടത്തിയ ഷോപ്പിംഗിൽ രണ്ടുമടങ്ങ് വർദ്ധനയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. പുരുഷന്മാരേക്കാൾ കൂടുതൽ ഇവ വാങ്ങുന്നതും സ്ത്രീകളാണ്. കപ്പിൾ ടീഷർട്ടുകൾക്കുള്ള ഓർഡറുകളിൽ വർദ്ധന 80 ശതമാനമാണ്. റോസ് ഗിഫ്‌റ്റ്ബോക്സുകൾ, സോഫ്‌റ്റ് ടോയ്, വാലന്റൈൻസ് ഡേ സമ്മാനങ്ങൾ എന്നിവയാണ് മീഷോയിൽ ഏറ്റവുമധികം തെരയപ്പെട്ടത്.
മൊത്തം ഓർഡറുകളിൽ 80 ശതമാനവും ചെറു പട്ടണങ്ങളിൽ നിന്നാണെന്ന് മീഷോ ബിസിനസ് സി.എക്‌സ്.ഒ ഉത്കൃഷ്ടകുമാർ പറഞ്ഞു.