
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി ഇന്നും തെളിവെടുപ്പ്. ചെടിക്കടയിൽ എത്തിച്ചാണ് തെളിവെടുപ്പ്. ഏത് രീതിയിലാണ് കൊലപാതകം നടത്തിയതെന്നറിയാനാണ് പ്രതിയെ ഇവിടേക്ക് കൊണ്ടുവരുന്നത്. യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും, കൃത്യം നടത്തുമ്പോൾ ഇയാൾ ധരിച്ച വസ്ത്രങ്ങളുമാണ് ഇനി കണ്ടെത്താനുള്ളത്.
കേസിലെ പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രനെ (39) വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയ്ക്ക് സംസ്ഥാനത്ത് നടന്ന കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്നറിയാൻ വിശദമായ അന്വേഷണം നടത്തും. മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാനാണ് പൊലീസിന്റെ തീരുമാനം.
നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളാണ് (38) കൊല്ലപ്പെട്ടത്. യുവതിയുടെ നാല് പവനോളം വരുന്ന സ്വർണ മാല കവരാനാണ് ക്രൂരത കാട്ടിയത്. തമിഴ്നാട്ടിൽ നടന്ന അഞ്ച് കൊലപാതക കേസുകളിലെ പ്രതിയാണ് രാജേന്ദ്രൻ. ഇയാൾക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്ത രാജേന്ദ്രൻ ഓഹരിവിപണിയിൽ പണം നിക്ഷേപിക്കാറുണ്ട്. വിനിതയുടെ ആഭരണം വിറ്റ പണവും പ്രതി ഓഹരിവിപണിയിലാണ് നിക്ഷേപിച്ചത്.
ഞായറാഴ്ച ഉച്ചയോടെ കടയുടെ ഇടതുവശത്തെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിലാണ് വിനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് നഴ്‌സറിയിൽ ചെടിവാങ്ങാനെത്തിയവർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്പരിൽ ഉടമസ്ഥനെ വിളിക്കുകയായിരുന്നു. യുവതിയെ വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ സംശയം തോന്നി ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഈ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്.