
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം.
വധ ഗൂഢാലോചന കേസിൽ ദിവസങ്ങൾക്ക് മുൻപാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. മതിയായ തെളിവില്ലെന്ന കോടതി നിരീക്ഷണം ഉന്നയിച്ചുകൊണ്ടാണ്, എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത്. ഉദ്യോഗസ്ഥരിൽ ചിലർ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.
കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.