babu

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആർ. ബാബു(23)വിന് വീടുവച്ച് നൽകുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. യുവാവിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു എംപിയുടെ പ്രഖ്യാപനം. നിലവിൽ വാടകവീട്ടിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.

അതേസമയം ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം രൂപയാണ് ചെലവായത്. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക് പ്രകാരം കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍, വ്യോമസേനാ ഹെലികോപ്ടര്‍, കരസേനാ, മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവ‍ർക്ക് മാത്രം അൻപത് ലക്ഷം രൂപ നൽകി.

കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടറിന് രണ്ടു ലക്ഷം രൂപയായിരുന്നു മണിക്കൂറിന് ചെലവ്. കരസേനയുടെതുള്‍പ്പടെയുള്ള ദൗത്യ സംഘങ്ങള്‍ക്ക് പതിനഞ്ച് ലക്ഷത്തിലേറെ രൂപയായി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് മലയിടുക്കിൽ കുടുങ്ങിയത്. അന്ന് തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് യുവാവ് വീട്ടി‌ലെത്തിയത്. ചില ബില്ലുകള്‍ കൂടി കിട്ടാനുള്ളതിനാല്‍ തുക ഇനിയും കൂടും.

ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാൻ കഴിയാത്തതിനാൽ സുഹൃത്തുക്കൾ പാതിയിൽ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറി. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാൽവഴുതി മലയിടുക്കിലേക്ക് വീണത്.