veda-nixon-

പാലാ : ടൗൺ ബസ് സ്റ്റാൻഡിലെ കട കുത്തിത്തുറന്നു, പിറ്റേന്ന് പൊലീസ് പിടിച്ചപ്പോൾ വിശന്നിട്ട് ആപ്പിൾ കഴിക്കാൻ കയറിയതാണെന്ന് പറഞ്ഞതോടെ വിട്ടയച്ചു. എന്നാൽ സ്റ്റേഷനിൽ നിന്ന് പോയ പോക്കിൽ അവിടെ സൂക്ഷിച്ചിരുന്ന കൈവിലങ്ങ് പാന്റിന്റെ പോക്കറ്റിലിട്ട് സ്ഥലം വിട്ടതോടെ പൊലീസിന് തലവേദനയായി. ഒടുവിൽ മോഷ്ടാവിനെയും തൊണ്ടിമുതലും കണ്ടെടുത്തു. അതും ബൈക്ക് മോഷണക്കേസിൽ പിടൂകൂടാനെത്തിയപ്പോൾ ! കന്യാകുമാരിയിലെ മാർത്താണ്ഡത്ത് നിന്നെത്തി പാലാ പയപ്പാറിൽ താമസമാക്കിയ മേസ്തിരിപ്പണിക്കാരൻ വേദ നിക്സണെ (46) ആണ് പൊലീസിനെ വെള്ളം കുടിപ്പിച്ചത്. ഇന്നലെ സ്‌കൂട്ടർ മോഷണത്തിന് ഇയാളെ പിടികൂടി താമസസ്ഥലം പരിശോധിച്ചപ്പോഴാണ് മേസ്തിരിപ്പണിക്കായി ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ കൂടെ ചാക്കിൽ പൊതിഞ്ഞ നിലയിൽ വിലങ്ങ് കണ്ടെത്തിയത്. പാലാ സി.ഐ കെ.പി.ടോംസൺ, എസ്.ഐ.മാരായ എം.ഡി. അഭിലാഷ്, പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏറെനാളുകളായി പയപ്പാറിലും പരിസരപ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച വേദനിക്സണെ ''പൊതുശല്യ''മെന്നാണ് നാട്ടുകാർ വിളിക്കുന്നത്. ടൗൺ ബസ് സ്റ്റാൻഡിലെ പച്ചക്കറിക്കട ഉൾപ്പെടെ മൂന്നു കടകളാണ് നാല് ദിവസം മുമ്പ് രാത്രി വേദനിക്സൺ കുത്തിത്തുറന്നത്. പച്ചക്കറികടയിലെ സി.സി.ടി.വി കാമറകളും നശിപ്പിച്ചു.

വള്ളിച്ചിറ കല്ലിൽ സനൽ കുമാറിന്റെ സ്‌കൂട്ടർ 11 ന് രാത്രി 8.15 ഓടെ പാലാ കട്ടക്കയം റോഡിൽ ഫെഡറൽ ബാങ്ക് എ.ടി.എമ്മിന് മുന്നിൽ നിന്നാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെ എസ്.ഐ പ്രകാശും സംഘവും പാലാ തൊടുപുഴ റോഡിൽ പട്രോളിംഗ് നടത്തവെ തലയിൽ ഹെൽമറ്റുമായി ഒരാൾ നടന്നുവരുന്നത് കണ്ടു. എന്തിനാണ് കാൽനടയാത്രയ്ക്ക് ഹെൽമറ്റ് വച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ വണ്ടിയുടെ പെട്രോൾ തീർന്നുപോയെന്നായിരുന്നു മറുപടി. സംശയം തോന്നി വിശദമായി ചോദ്യം ചെയ്‌പ്പോഴാണ് സ്‌കൂട്ടർ മോഷ്ടിച്ചെന്നും പയപ്പാറിൽ താമസസ്ഥലത്തിനടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും സമ്മതിച്ചത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പകൽ മേസ്തിരിപ്പണി, തരംകിട്ടിയാൽ മോഷണം, അക്രമം

പകൽ മേസ്തിരിപ്പണിയുമായി നടക്കുന്ന വേദനിക്സൺ തരംകിട്ടിയാൽ എന്തും കട്ടെടുക്കുമെന്ന് നാട്ടുകാർ പറയുന്നു. വാഴക്കുല മുതൽ ടോർച്ച് വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. ലോട്ടറിക്കടകളിൽ ലോട്ടറി എടുത്തവച്ചശേഷം പണം പിന്നെത്തരാമെന്ന് പറഞ്ഞ് മുങ്ങുന്നതും ഇയാളുടെ പതിവായിരുന്നു. പത്ത് വർഷം മുമ്പ് പയപ്പാറിൽ താമസമാക്കിയ ഇയാൾ അവിടുന്നുതന്നെ വിവാഹവും കഴിച്ചു. അടുത്തിടെ മദ്യപിച്ച് അക്രമാസക്തനായ ഇയാൾ മൂന്ന് ടിപ്പർ ലോറികളുടെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു. ഒരു സ്ത്രീയുടെ തല കല്ലിനിടിച്ച് പൊട്ടിച്ച സംഭവവുമുണ്ട്. മോഷ്ടിച്ച സ്‌കൂട്ടറുമായി പയപ്പാറിൽ ഇയാളുടെ അയൽവീട്ടിലാണ് ആദ്യം എത്തിയത്. അവിടുത്തെ ഗൃഹനാഥനുമായി വാക്കേറ്റമായി. ഇതോടെ അവർ സ്‌കൂട്ടറിന്റെ നമ്പർ കുറിച്ചുവച്ചു. ഇതിനിടെയാണ് സ്‌കൂട്ടർ കാണാതായ വിവരം സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം സഹിതം പ്രചരിച്ചത്. ഇതോടെ അയൽവാസിയായ വീട്ടുടമ നാട്ടുകാരെയുംകൂട്ടി വിവരം പാലാ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പൊലിസിന്റേത് ഗുരുതര വീഴ്ച

വിവിധ മോഷണക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മാനസികരോഗിയാണെന്ന് പറഞ്ഞ് പൊലീസ് കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. പച്ചക്കറികട കുത്തിത്തുറന്ന സംഭവത്തിൽ ഇയാൾക്കെതിരെ കടയുടമ പാലാ പൊലീസിനെ അറിയിച്ചെങ്കിലും പിടികൂടി വെറുതെ വിട്ടതാണ് കൂടുതൽ പ്രശ്നത്തിന് ഇടയാക്കിയത്. സ്റ്റേഷനിൽ പരാതിയുമായി ചെപ്പോൾ ഒന്നും നഷ്ടപ്പെടാത്തതിനാൽ കേസെടുക്കണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് കടയുടമ പ്രശാന്ത് പറയുന്നു.