
തിരുവനന്തപുരം: വിനീതയെ കൊലപ്പെടുത്തിയ ആളെ പിടികൂടിയതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബം. കേസിലെ പ്രതിയായ രാജേന്ദ്രന് കടുത്ത ശിക്ഷ നൽകണമെന്ന് യുവതിയുടെ മകൻ അക്ഷയ് ആവശ്യപ്പെട്ടു. ഭർത്താവ് മരിച്ചതോടെ മാനസികമായി തകർന്ന വിനിതയെ ദു:ഖം മറികടക്കാനാണ് ജോലിക്ക് വിട്ടതെന്ന് അമ്മ രാഗിണി പറഞ്ഞു.
വിനിതയുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ സഹായം നൽകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറഞ്ഞു. ഒരു കുട്ടിയും ഇനി ഇത്തരത്തിൽ അനാഥരാകരുതെന്നും അതിനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും യുവതിയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
അവളായിരുന്നു കുടുംബത്തിന്റെ ആശ്രയം. അവൾക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് തനിക്ക് അറിയില്ലെന്ന് രാഗിണി കണ്ണീരോടെ പറയുന്നു. 'സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവൾ വീട്ടിൽനിന്ന് പോയത്. വീടിന്റെ സമീപത്തെ അമ്പലത്തിൽ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തിൽ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങൾ തിരിച്ചെത്തി, അവൾ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. എനിക്ക് വേദന സഹിക്കാനാകുന്നില്ല.'- വിനീതയുടെ പിതാവ് പറഞ്ഞു.