
കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമ ദേവ്. കേസിൽ തന്നെ കുടുക്കുകയായിരുന്നെന്നും പരാതി വ്യാജമാണെന്നും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞു.
"എനിക്ക് അറിയാമായിരുന്നു എനിക്കെതിരായ ആരോപണങ്ങൾ എവിടെയാണ് എത്താൻ പോകുന്നതെന്ന്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. പണത്തിന്റെ ആവശ്യങ്ങൾക്കായി വട്ടിപലിശയ്ക്ക് നൽകുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാൻ എന്റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. പല പ്രമുഖരും ഇവരുടെ ചതിക്കുഴിയിൽ പെട്ടുപോയിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നതിയിൽ ഉള്ളവർപോലും ഇവരുടെ വലയിൽ അകപ്പെട്ടു. ഇതെല്ലാം ഞാൻ തുറന്നുപറയും എന്ന പേടിയുള്ളതുകൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങൾ കെട്ടിച്ചമച്ചത്. അവർ കാശ് നൽകി എനിക്കെതിരെ ആളുകളെകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടും പിടിച്ചുനിന്നത് എന്റെ നിരപരാധിത്വം തെളിയിക്കാനാണ്. മറ്റ് പലരെ വച്ചും കള്ളക്കേസ് കൊടുക്കുമെന്ന് ഞാൻ അറിഞ്ഞു. എന്റെ പതിനെട്ട് വയസ് മുതൽ കഷ്ടപ്പെട്ട് നേടിയെടുത്ത ഉന്നതിയാണ് അവർ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. ധാരാളം പേർക്ക് പണം കടം നൽകാനുണ്ട്. എന്നാൽ അതിന്റെയെല്ലാം കണക്ക് കൈവശമുണ്ട്. എന്റെ പേരിലുള്ള സ്ഥലത്തിന്റെ രണ്ട് ആധാരം പണയപ്പെടുത്തിയും കാശ് എടുത്തിട്ടുണ്ട്.
എന്റെ ബിസിനസ് മെയിന്റൈൻ ചെയ്യാൻ വേണ്ടിയാണ് ഈ സ്ത്രീയുടെ പക്കൽ നിന്നും വട്ടിപലിശയ്ക്ക് കാശ് കടം വാങ്ങിയത്. എന്റെ ഓഫീസിൽ ജോലി നോക്കുന്ന ഏതെങ്കിലും ഒരു പെൺകുട്ടി പറയട്ടെ അഞ്ജലി അങ്ങനെയുള്ള രീതിയിൽ കൊണ്ടുപോയിട്ടുണ്ടെന്ന്. ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ളൈന്റ് ലിസ്റ്റും എന്റെ പക്കലുണ്ട്. ബിസിനസ് ഡൗൺ ആയപ്പോഴും വേറെ രീതിയിലേക്ക് പോയിട്ടില്ല. എന്നെ വളരെ മോശമായി ചിത്രീകരിക്കുകയാണ്. അവർ സ്വന്തം മകളെ വച്ചുപോലും ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കുമെന്ന് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാൻ വലിയൊരു മയക്കുമരുന്ന് ഡീലറാണ്, ആണുങ്ങളെ ഹണിട്രാപ്പിൽപെടുത്തുന്ന വ്യക്തിയാണ്, കള്ളപ്പണം, പണം തട്ടിപ്പ് എന്നിങ്ങനെ പല ആരോപണങ്ങളും അവർ ഉന്നയിക്കുന്നു. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുള്ളതുകൊണ്ട് അതൊക്കെ പുറത്തുപറയാതിരിക്കാൻ വേണ്ടിയാണ് അവർ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്. അവരുടെ മുഖം ഞാൻ പുറത്തുകൊണ്ടുവരും" -അഞ്ജലി വീഡിയോയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വച്ച് ഹോട്ടലുടമയായ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും പരാതി നൽകിയത്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ മൂന്നാം പ്രതിയാണ് അഞ്ജലി. കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും പ്രതിയാണ്. മോഡലുകളുടെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതി നൽകിയാൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.