m-sivasankar

കൊച്ചി: മുൻകൂട്ടി അനുവാദം വാങ്ങാതെ ആത്മകഥ എഴുതിയതിന് സ്വർണകടത്ത് കേസിലെ പ്രതിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറിനെതിരെ കേന്ദ്ര സർക്കാരിന്റെ പഴ്സണൽ ആന്റ് ട്രെയിനിംഗ് വകുപ്പ്(ഡിഒപിടി) അന്വേഷണം ആരംഭിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് ഇന്റലിജൻസ് ബ്യൂറോ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കേസിൽ കേന്ദ്ര ഏജൻസിക്കു വേണ്ടി ഹാജരായ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലിനെ 'കോടതിയോട് നുണ പറയുന്ന സർക്കാർ വക്കീൽ' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സോളിസിറ്റർ ജനറലിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി വിധിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണകടത്ത്, ഡോളർ കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്ന കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയുള്ള പരാമർശങ്ങൾ നടത്തുന്നത് ഓൾ ഇന്ത്യ സർവീസ് റൂൾസിന്റെയും പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണെന്നാണ് കേന്ദ്ര മന്ത്രാലയം അറിയിച്ചത്. കേരള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള ശ്രമമാണ് എം ശിവശങ്കർ നടത്തുന്നതെന്നും ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. സസ്പെൻഷനിലായ ശിവശങ്കർ തിരിച്ചെത്തിയ ഉടൻ വിചാരണ പൂർത്തിയാക്കാത്ത കേസുകളെ പറ്റിയുള്ള പരാമർശങ്ങൾ പ്രസിദ്ധീകരിച്ചത് സർക്കാരിനെ അറിയിക്കാതെയാണെന്നും റിപ്പോർട്ടിലുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിന്റെയും ശിവശങ്കറിന്റെയും വിശദീകരണം തേടും.