rajendran-case-

തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന വിനിതയെ കൊലപ്പെടുത്തി കവർച്ച നടത്തിയ രാജേന്ദ്രൻ കൊടും കുറ്റവാളി. വിനിത ഉൾപ്പടെ അഞ്ച് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. എന്നാൽ മുൻപ് നടത്തിയ കൊലപാതകങ്ങളിൽ ഒരു കേസിൽ പോലും ഇയാൾക്ക് ശിക്ഷ ലഭിച്ചിരുന്നില്ലെന്നത് ആശ്ചര്യകരമാണ്. വിനിത കൊലപാതക കേസിൽ തമിഴ്നാട്ടിൽ നിന്ന് പൊലീസ് പിടിയിലായി തിരുവനന്തപുരത്തെത്തുംവരെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്ന നിലപാടിലായിരുന്ന രാജേന്ദ്രൻ. എന്നാൽ സി.സി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഫോൺ രേഖകളും അടക്കമുള്ള തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകങ്ങൾ ഒരേ രീതിയിൽ
അഞ്ച് കൊലപാതകങ്ങൾ നടത്തിയ രാജേന്ദ്രൻ ഇരയെ കീഴ്‌പ്പെടുത്തുന്നത് ഒരേ രീതിയിലായിരുന്നു. ആക്രമണത്തിനായുള്ള ആയുധം കൈയിൽ ചുറ്റിയ തുണിയിൽ ഒളിപ്പിക്കുന്നതാണ് ഇയാളുടെ രീതി.
2014ൽ തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്ന് പേരെ രാജേന്ദ്രൻ കൊലപ്പെടുത്തിയിരുന്നു, അതേവർഷം ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തി. എല്ലാ കൊലപാതകങ്ങളും ഇരയുടെ കഴുത്തിലെ ഞരമ്പ് മുറിച്ചാണ്, ഇതിനായി മൂർച്ചയേറിയ ആയുധം ഇയാൾ എപ്പോഴും കരുതും.


വിനിതയെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും സംഭവ സമയത്ത് ധരിച്ചിരുന്ന ഷർട്ടും മുട്ടട ആലപ്പുറം കുളത്തിന് സമീപം ഉപേക്ഷിച്ചതായി രാജേന്ദ്രൻ സമ്മതിച്ചിട്ടുണ്ട്. മുട്ടടയിൽ എവിടെയാണ് ഉപേക്ഷിച്ചതെന്ന് കൃത്യമായി വെളിപ്പെടുത്തിയില്ല. സ്ഥലം തിരിച്ചറിയാനും കത്തി കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനുമായി രാജേന്ദ്രനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

പണം നൽകിയത് സ്ത്രീ സുഹൃത്തിന്

വിനിതയെ കൊലപ്പെടുത്തി കവർച്ച ചെയ്ത മാല രാജേന്ദ്രൻ കന്യാകുമാരിക്ക് സമീപമുള്ള ഭാരത് ഫിനാൻസിൽ 90,000 രൂപയ്ക്കാണ് പണയം വച്ചത്. ഇവിടെ നിന്നും ലഭിച്ച തുക കടം വീട്ടിയ ശേഷം ബാക്കിയുള്ളത് പെൺസുഹൃത്തിനും കൈമാറി. കേരളപൊലീസ് രാജേന്ദ്രനിൽ നിന്നും കൂടുതൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ കുറ്റസമ്മതവും വെളിപ്പെടുത്തലും സാഹചര്യത്തെളിവുകളുമാണ് ശാസ്ത്രീയ തെളിവുകൾക്കൊപ്പം നിർണ്ണായകമാകുക.

.