
ശ്രീനഗർ : 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാമതെത്തിയ ശ്രീനഗർ സ്വദേശിനിക്കെതിരെ സൈബറാക്രമണം. ഹിജാബ്' ധരിക്കാത്തതിന്റെ പേരിലാണ് ശ്രീനഗർ സ്വദേശിയായ അറൂസ പർവൈസ് വിമർശിക്കപ്പെടുന്നത്. ജമ്മു കാശ്മീരിലെ ശ്രീനഗറിലെ എല്ലാഹിബാഗ് സ്വദേശിയായ അറൂസ പർവൈസ് സയൻസ് സ്ട്രീമിൽ 500ൽ 499 മാർക്ക് (99.80 ശതമാനം) നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ വിജയത്തിലും ഹിജാബ് ധരിക്കാത്തത് കണ്ട് പെൺകുട്ടിയെ വിമർശിക്കാനാണ് നിരവധി പേർ തുനിഞ്ഞത്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് പെൺകുട്ടി.
നല്ല മുസ്ലീമാണെന്ന് തെളിയിക്കാൻ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് അറൂസ പർവൈസ് നൽകുന്ന മറുപടി. താൻ ഇസ്ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ആളാണെന്നും അവർ വ്യക്തമാക്കി. 'എനിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്, ഇസ്ലാമിക തത്വങ്ങൾ പിന്തുടരുന്നു, സ്വയം ഒരു നല്ല മുസ്ലീമാണെന്ന് തെളിയിക്കാൻ എനിക്ക് ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല.' ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേ അറൂസ പർവൈസ് നിലപാട് വ്യക്തമാക്കി. സൈബർ ആക്രമണത്തിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് അറൂസ പർവൈസ് പറഞ്ഞു. തന്റെ മാതാപിതാക്കളും ആശങ്കാകുലരാണ്.
അടുത്തിടെ പ്രഖ്യാപിച്ച 12ാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഫലത്തിൽ സയൻസ് സ്ട്രീമിൽ ഒന്നാം സ്ഥാനം നേടിയ അറൂസ പർവൈസിനെ വെള്ളിയാഴ്ച ജില്ലാ ഭരണകൂടം അനുമോദിച്ചു. ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഐജാസ് അസദ് തന്റെ ഓഫീസ് ചേംബറിൽ നടന്ന അനുമോദന ചടങ്ങിൽ പർവൈസിന് സർട്ടിഫിക്കറ്റും ട്രോഫിയും 10,000 രൂപയുടെ ചെക്കും നൽകി ആദരിച്ചു.