
കൊണ്ടോട്ടി: പാർട്ടി വിട്ടതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലെപാടി സഹീർ (40) എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാനെയായിരുന്നു (40) മൂവർസംഘം മർദിച്ചത്. പാർട്ടി വിട്ടതിന്റെ പേരിൽ കഴിഞ്ഞ മാസം 20ന് മുജീബിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി കരിപ്പൂരിലെ എസ് ഡി പി ഐയുടെ പ്രമുഖ നേതാവിന്റെ വീട്ടിൽ എത്തിച്ച് നഗ്നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദിക്കുകയായിരുന്നു. അവശനായതിനെ തുടർന്ന് വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു.
മർദനത്തെത്തുടർന്ന് മാരകമായി പരിക്കേറ്റ മുജീബിനെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ മുജീബ് പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം വധഭീഷണി മുഴക്കിയതോടെ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേർ അറസ്റ്റിലായത്. കേസിൽ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.