rinseena-shajahan

മട്ടാഞ്ചേരി: ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. മട്ടാഞ്ചേരി മംഗലത്ത് പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന റിൻസീന(29), ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാൻ(ഷാജി) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 25നാണ് റിൻസീന ഫോർട്ട് കൊച്ചിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ലോഡ്ജിൽ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടർന്ന് അസുഖം ബാധിച്ചെന്ന് പറഞ്ഞ ഇവർ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. ശേഷം ഇവർ ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചു. വിവരമറിഞ്ഞ ലോഡ്ജ് ഉടമയും സുഹൃത്തും ഉടൻ തന്നെ ആശുപത്രിയിലെത്തി. ഇരുവരെയും കണ്ടയുടനെ യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജഹാനും ചേർന്ന് ഇവരെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടു. ശേഷം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജ് ഉടമ ശീതളപാനീയത്തിൽ ഏതോ വസ്തു കലർത്തി നൽകിയെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് ലോഡ്ജ് ഉടമയിൽ നിന്നും 11,000രൂപയും രേഖകളും തട്ടിയെടുത്തു.

യുവതി ലോഡ്ജിൽ വച്ച് ഉടമയെ അശ്ലീലക്കെണിയിൽ വീഴ്ത്താൻ ശ്രമിച്ചെന്നും ഇതിനായി ഇയാൾക്ക് മൊബൈലിൽ സന്ദേശങ്ങൾ അയച്ചെങ്കിലും ലോഡ്ജ് ഉടമ ഇതിൽ വീണില്ലെന്നും പൊലീസ് പറഞ്ഞു. ഒടുവിലാണ് ശാരീരികാസ്വസ്ഥതകൾ അഭിനയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി മുറിയിൽ വച്ച് യുവതിയും സുഹൃത്തും ചേർന്ന് ഇയാളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകർത്തി. സംഭവം പുറത്തറിഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ലോഡ്ജ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനു മുമ്പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി ഇൻസ്പെക്ടർ പികെ സാബു, സബ് ഇൻസ്പെക്ടർമാരായ ഒജെ ജോർജ്, മധുസൂദനൻ, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, എഡ്വിൻ റോസ്, കെഎ അനീഷ്,എടി കർമിലി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.