murder-case-

അലികാന്റെ : സ്‌കൂളിൽ നിന്നും മോശം ഗ്രേഡ് വാങ്ങിയതിന് വഴക്ക് പറഞ്ഞ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തി പതിനഞ്ചുകാരൻ. സ്‌പെയിനിലാണ് ദാരുണമായ സംഭവമുണ്ടായത്. തെക്കുകിഴക്കൻ തുറമുഖ നഗരമായ അലികാന്റെയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശത്താണ് ചൊവ്വാഴ്ച വൈകുന്നേരം സംഭവം നടന്നത്. മോശം സ്‌കൂൾ ഗ്രേഡുകളെ ചൊല്ലി വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് മാതാപിതാക്കളെയും പത്ത് വയസുള്ള സഹോദരനെയുമാണ് സ്‌കൂൾ വിദ്യാർത്ഥി കൊലപ്പെടുത്തിയത്. തോക്ക് ഉപയോഗിച്ചാണ് 15കാരൻ കൊല നടത്തിയത്. വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ നിന്നും ആളനക്കം കേൾക്കാതായതോടെ ബന്ധു കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് പേർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം മൂന്ന് ദിവസത്തോളം പഴക്കമുള്ള മൂന്ന് മൃതദേഹത്തിന് അരികെ ഇരിക്കുന്ന പതിനഞ്ചുകാരനെ കണ്ടെത്തി. തുടർന്ന് ഒരു സംഘം മനശാസ്ത്രജ്ഞരെ സ്ഥലത്ത് എത്തിച്ചാണ് കുട്ടിയെ കൊണ്ടുപോയത്. സ്‌കൂൾ ഗ്രേഡുകളെച്ചൊല്ലി അമ്മയുമായി തർക്കമുണ്ടായെന്നും പിതാവിന്റെ തോക്കാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്നും ബാലൻ പൊലീസിനോട് വെളിപ്പെടുത്തി. കൗമാരക്കാരനെ ജുവനൈൽ പ്രോസിക്യൂട്ടർ ഓഫീസിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.