
കൊച്ചി: സാഹിത്യകാരൻ പ്രൊഫസർ എം കെ സാനുവിനെ സന്ദർശിച്ച് സുരേഷ് ഗോപി എം പി. ശാരീരിക അവശതകൾ ഉള്ളതിനാൽ മതിലിനുപുറത്ത് നിന്നുകൊണ്ടാണ് സുരേഷ് ഗോപി അദ്ദേഹവുമായി കുശലാന്വേഷണം നടത്തിയത്.
രാവിലെ ഒൻപതരയോടെ എം കെ സാനുവിന്റെ കൊച്ചിയിലെ വീട്ടിൽ എത്തുമെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. വളരെ നേരത്തെ തന്നെ പ്രിയതാരത്തെ സാനുമാഷ് കാത്തിരിക്കുകയും ചെയ്തു. പത്ത് മണിയോടെ സുരേഷ് ഗോപി വീടിന് പുറത്തെത്തി. എന്നാൽ യാത്രക്കിടെ ചില അസ്വസ്ഥതകൾ തോന്നിയതിനാൽ വീടിനകത്തേക്ക് കയറിയില്ല. മതിലിന് പുറത്തുനിന്നായിരുന്നു കുശലാന്വേഷണം.
എന്റെ അമ്മയുടെ വാദ്ധ്യാരാണെന്ന് ഇവർക്ക് പറഞ്ഞുകൊടുത്തേരെ എന്ന് സുരേഷ് ഗോപി മാഷിനോട് പറഞ്ഞു. സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയുടെ അദ്ധ്യാപകനായിരുന്നു എം കെ സാനു. ആർ ടി പി സി ആർ പരിശോധനയ്ക്ക് ശേഷം പിന്നീട് വന്നുകാണാമെന്ന് പറഞ്ഞായിരുന്നു താരം മടങ്ങിയത്. "ചെറിയൊരു വയ്യായ്ക. സംശയമാണ്. പരിശോധിക്കണം. ഫലം വന്നുകഴിഞ്ഞ് നെഗറ്റീവ് ആണെങ്കിൽ വൈകുന്നേരം വരാം "- സുരേഷ് ഗോപി യാത്രപറഞ്ഞുകൊണ്ട് അറിയിച്ചു. മാഷിനായി മധുരപലഹാരങ്ങളും താരം കൊണ്ടുവന്നിരുന്നു.