kiss-

വാലന്റെൻസ് വീക്ക് അവസാനിക്കാൻ പോകുകയാണ്. നാളെയാണ് പ്രണയ ദിനം. ഇന്ന് ചുംബന ദിനമാണ്. വാത്സല്യവും, പ്രണയവും ഏറ്റവും മനോഹരമായ രീതിയിൽ പ്രകടിപ്പിക്കുന്നത് ചുംബനത്തിലൂടെയാണ്. സ്‌നേഹം പ്രകടിപ്പിക്കാൻ ഇതിലും നല്ല വഴികൾ വേറെ ഇല്ലെന്ന് തന്നെ പറയാം.

കുട്ടിയ്ക്കും പ്രായമായവർക്കും പങ്കാളിക്കുമൊക്കെ നൽകുന്ന ചുംബനങ്ങൾ വ്യത്യസ്തമാണ്. എന്നിരുന്നാലും ആർക്കെങ്കിലും ചുംബനം നൽകുന്നതുവഴി എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് അറിയാമോ? കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും ചുംബനം നൽകുക വഴി ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിങ്ങളെ തേടിയെത്തും.

നിങ്ങളിൽ ഉന്മേഷം നിറയ്ക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയൊക്കെ ഒരു പരിധിവരെ അകറ്റാൻ ചുംബനത്തിന് കഴിയുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. സെറോട്ടോണിൻ, ഡോപമൈൻ, ഓക്‌സിടോസിൻ തുടങ്ങിയ ഹോർമോണുകൾ ഉണ്ടാക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്നുവെന്നതാണ് ചുംബനത്തിന്റെ മറ്റൊരു ഗുണം. ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്ത സമ്മർദ്ദവുമായി മല്ലിടുന്ന രോഗികൾക്ക് ചുംബനം ആശ്വാസം നൽകും. അയവങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. വികാരാധീനമായ ചുംബനം നിങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടും. രക്തക്കുഴൽ വികസിപ്പിക്കുകയും ഹൈപ്പർടെൻഷനെതിരെ പോരാടുകയും ചെയ്യുന്നു.

ആഴത്തിലുള്ള ചുംബനം താടിയെല്ലിനെയും കഴുത്തിനെയും നല്ലരീതിയിൽ രൂപപ്പെടുത്താൻ സഹായിക്കും. ചുംബനത്തിലൂടെയുള്ള മുഖവ്യായാമം കലോറി കത്തിച്ചുകളയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ചുംബനം എട്ട് മുതൽ പതിനാറ് കലോറി വരെ കത്തിച്ചുകളയാൻ കഴിയും. പല്ലിന്റെ ആരോഗ്യത്തിനും ചുംബനം ഏറെ ഗുണം ചെയ്യുന്നു. ചുംബനം വായിലെ ഉമിനീരിന്റെ ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇതുവഴി കാവിറ്റികളെ തടയുന്നു.