
ലക്നൗ : കർണാടകയിൽ ആരംഭിച്ച ഹിജാബ് വിവാദം രാജ്യവ്യാപകമായി ചർച്ചാ വിഷയമായിരിക്കുകയാണ്. ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിട്ടുള്ളത്. യുപിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ ആൾ ഇന്ത്യ മജ്ലിസ് ഇ ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ഒരു ദിവസം ഹിജാബ് ധരിച്ചയാൾ ഇന്ത്യൻ പ്രധാനമന്ത്രിയാവുമെന്ന് പ്രസംഗിച്ചു. പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ പ്രചാരണത്തിനിടെ ഹിജാബ് വിവാദത്തിൽ ഒവൈസി മോദിയേയും കടന്നാക്രമിച്ചു. മുത്തലാഖ് നിയമത്തിലൂടെ മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചാണ് മോദി പ്രസംഗിക്കുന്നത്. എന്നാൽ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇതാണോ ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന് ഒവൈസി ചോദിച്ചു. കർണാടകയിൽ കാവി ഷാൾ അണിഞ്ഞെത്തിയവരുടെ പ്രതിഷേധം വകവയ്ക്കാതെ ബുർഖ ധരിച്ച് വന്ന പെൺകുട്ടിയെയും ഒവൈസി അഭിനന്ദിച്ചു. ഇത് ഓരോ മുസ്ലീമിനും ഉണ്ടാകേണ്ട ധൈര്യമാണെന്ന് അദ്ദേഹം പറഞ്ഞു.