pothencode-quatation-case

തിരുവനന്തപുരം: പോത്തൻകോട് പലിശ പണം നൽകാത്തതിന്റെ പേരിൽ 60കാരനെ തട്ടിക്കൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവത്തിൽ മുഖ്യപ്രതിയും ക്വട്ടേഷൻ സംഘത്തിലെ അംഗവും പിടിയിൽ. ഒന്നാം പ്രതി ഷുക്കൂർ, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. പതിനായിരം രൂപയ്ക്കാണ് വൃദ്ധനെ തട്ടിക്കൊണ്ടുപോകാൻ ഷുക്കൂർ ക്വട്ടേഷൻ നൽകിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോത്തൻകോട് സ്വദേശിയായ നസീമിനെ തട്ടിക്കൊണ്ടുപോയത്. മുപ്പതിനായിരം രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നൽകിയെങ്കിലും വീണ്ടും പണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ ഏറ്റെടുത്ത സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. എസ്ടി വകുപ്പിൽ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂർ. ഒരു കൊലപാതകക്കേസിലെ പ്രതിയാണ് മനോജ്.

കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെയാണ് ചായക്കടയിൽ തൊഴിലാളിയായിരുന്ന നസീമിന് പണം തിരികെ കൊടുക്കാൻ കഴിയാതിരുന്നത്. നന്നാട്ടുകാവുള്ള കടയുടെ മുന്നിൽ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തിൽ കത്തി കാണിച്ച് രണ്ട്പേർ ചേർന്ന് നസീമിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. ഇയാളെ വഴിനീളെ മർദിക്കുകയും ചെയ്തു. ശേഷം പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം കിണറ്റിലേയ്ക്ക് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു.