
ന്യൂഡൽഹി : ആർഎസ്എസിൽ നിന്നാണ് ആം ആദ്മി പാർട്ടി ഉണ്ടായതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ന് പഞ്ചാബിലെ കോട്കപുരയിൽ നടന്ന 'നവി സോച്ച് നവ പഞ്ചാബ്' തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ആം ആദ്മിയുടെ പിതൃത്വം ആർ എസ് എസിൽ ആരോപിച്ചത്. രാഷ്ട്രീയ പാർട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്, ആർ എസ് എസിൽ നിന്നും ഉയർന്ന് വന്നതാണ് ആം ആദ്മി.
കോട്കപുരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ്പാൽ സിംഗ് സന്ധുവിന് വേണ്ടി പ്രചാരണം നടത്തവേയാണ് പ്രിയങ്ക ആം ആദ്മി പാർട്ടിയെ നിശിതമായി വിമർശിച്ചത്. പഞ്ചാബിൽ ഡൽഹി മോഡൽ കൊണ്ടു വരുമെന്ന ആം ആദ്മിയുടെ അവകാശവാദം പൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. 2014ൽ ഗുജറാത്ത് മോഡൽ കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ കബളിപ്പിച്ചത്. പഞ്ചാബിൽ രൂപീകൃതമാവുന്ന സർക്കാരിനെ പഞ്ചാബിൽ നിന്ന് നയിക്കണം, എന്നാൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഡൽഹിയിൽ നിന്നാവും അതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
പ്രചാരണത്തിനിടയിൽ ബി ജെ പിയെയും പ്രിയങ്ക വിമർശിച്ചു. കർഷക പ്രക്ഷോഭത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും നിങ്ങൾ തലകുനിച്ചില്ല, അതാണ് പഞ്ചാബികൾ, പഞ്ചാബികളെ തനിക്ക് മനസിലാവും കാരണം താൻ ഒരു പഞ്ചാബിയെയാണ് വിവാഹം കഴിച്ചത്. എന്റെ കുട്ടികൾക്ക് പഞ്ചാബി രക്തമുണ്ട്. ധീരഹൃദയരാണ് പഞ്ചാബികളെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.