
നിയമം ലംഘിച്ച് നോ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ ഫൈൻ അടിക്കുന്നതിനൊപ്പം ചിലപ്പോൾ വാഹനം കൊണ്ട് പോകാറുമുണ്ട്. ഇതിനായി ക്രെയിനുകൾ ഘടിപ്പിച്ച ട്രക്കുകളും ഉപയോഗിക്കും. എന്നാൽ നോ പാർക്കിംഗ് ഏരിയയിൽ യാത്രക്കാരുമായി നിർത്തിയിട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് വലിച്ചുകൊണ്ട് പോകുന്ന ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. ലക്നൗവിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കാറിന്റെ ഡ്രൈവർ സുനിലും സുഹൃത്തും ഹസ്രത്ഗഞ്ചിലെ ജൻപഥിൽ സാധനങ്ങൾ വാങ്ങുന്നതിനായി എത്തിയതാണ്. എന്തൊക്കെ സാധനങ്ങൾ വാങ്ങണം എന്നതിനെ കുറിച്ച് കാർ റോഡിന്റെ വശത്ത് നിർത്തിയിട്ട് സംസാരിക്കുന്നതിനിടെ യാണ് ക്രെയിൻ സ്ഥലത്തെത്തി കാർ വലിച്ചു കൊണ്ട് പോയത്.
നോ പാർക്കിംഗ് സ്ഥലമാണെങ്കിൽ കൂടി കാറിനുള്ളിൽ ആളുണ്ടെങ്കിൽ വാഹനം വലിച്ചു കൊണ്ട് പോകരുതെന്നാണ് ചട്ടം. വാഹനം വലിച്ചു കൊണ്ട് പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ലക്നൗ മുനിസിപ്പൽ കമ്മീഷണർ. കരാർ നൽകിയവരാണ് നോ പാർക്കിംഗ് ഏരിയയിൽ നിന്നും വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നത്. ഇപ്പോഴത്തെ സംഭവത്തെ തുടർന്ന് ഈ പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്പിച്ചു.