
കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടരയോടുകൂടി ആക്രമണം ഉണ്ടാകുകയായിരുന്നു എന്നാണ് വിവരം. കണ്ണൂർ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറി തോട്ടട എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ഇന്നലെ രാത്രി ഒരു വിവാഹവീട്ടിൽവച്ച് കല്യാണചടങ്ങുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇന്നുച്ചയോടെ വിവാഹവീട്ടിലേയ്ക്ക് പോവുകയായിരുന്ന ഒരു സംഘത്തിനുനേരെ മറ്റൊരു സംഘം ബോംബേറ് നടത്തുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു വീടിന് മുന്നിലായിരുന്നു ആക്രമണം നടന്നത്. ബോംബെറിഞ്ഞ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. ഒരു സംഘം കല്യാണ വീട്ടിലെത്തി ബോംബെറിഞ്ഞെന്നും നാട്ടുകാർ പറഞ്ഞു പൊലീസ് വിശദാംശങ്ങൾ ശേഖരിക്കുകയാണ്.