
ലണ്ടൻ : യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി യൂറോപ്പിൽ പിരിമുറുക്കം തുടരുമ്പോൾ ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി എല്ലാം സജ്ജമാക്കിയ റഷ്യൻ സൈനിക വിന്യാസം. ഏത് നിമിഷവും യുക്രെയിനിലേക്ക് ഇരച്ച്കയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ റഷ്യൻ വിന്യാസത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഈ മേഖലകളിൽ നിരവധി പുതിയ സൈനിക വിന്യാസങ്ങൾ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
സിംഫെറോപോളിന് വടക്കുള്ള ഈ ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക കൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും പുതുതായി എത്തിയിട്ടുണ്ട്. ഡോനുസ്ലാവ് തടാകത്തിന്റെ തീരത്തുള്ള നോവോസെർനോയിക്ക് സമീപത്തും സമാനമായി സൈനികരും ഉപകരണങ്ങളും എത്തിയിട്ടുണ്ട്. ഇവിടെ പീരങ്കിപ്പടയും ക്യാംപ് ചെയ്യുന്നുണ്ട്. ക്രിമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സ്ലാവ്‌നെ നഗരത്തിന് സമീപത്തും പുതിയ വിന്യാസം കണ്ടെത്തി.
യുക്രെയിനുമായുള്ള അതിർത്തിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ കിഴക്കായി റഷ്യ ഒരു വലിയ സേനാ വിന്യാസം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി തീർക്കാൻ നയതന്ത്ര തലത്തിൽ റഷ്യയുമായി അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ തങ്ങൾ യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് പറയുമ്പോഴും അതിർത്തിയിലേക്ക് സേനാ വിന്യാസം കൂട്ടുകയാണ് റഷ്യ. ഇതേ തുടർന്ന് റഷ്യയുടെ സൈന്യം അധിനിവേശ ശ്രമം നടത്തിയാൽ വലിയ പ്രത്യാഘാതം തന്നെ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം വരുന്ന 16ന് യുക്രെയിനെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ പാശ്ചാത്യ സഖ്യകക്ഷികളോട് പറഞ്ഞതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. യു.എസിലെ വിർജീനിയ ആസ്ഥാനമായ ഒരു മാദ്ധ്യമമാണ് വാർത്ത റിപ്പോർട്ട് പുറത്തുവിട്ടത്. യു.കെ, ജർമ്മനി, ഇറ്റലി, കാനഡ, പോളണ്ട്, ഫ്രാൻസ്, നാറ്റോ സെക്രട്ടറി ജനറൽ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് വിവരം.
മിസൈൽ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും യുക്രെയിന് നേരെയുള്ള അധിനിവേശത്തിന് മുന്നേ റഷ്യ ആരംഭിച്ചേക്കാമെന്നും ബൈഡൻ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയിന് നേരെ സൈബർ ആക്രമണങ്ങൾ അടുത്തിടെയായി വർദ്ധിച്ചിട്ടുണ്ട്.
അതേ സമയം, യുക്രെയിനെതിരെ റഷ്യ ബോംബാക്രണമോ മിസൈൽ ആക്രമണമോ നടത്താൻ സാദ്ധ്യതയുള്ളതായി യു.എസ് നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേ സമയം, ഫെബ്രുവരി 16ന് ആക്രമണം നടന്നേക്കുമെന്ന വാർത്തകളെ സംബന്ധിച്ച് യു.എസോ മറ്റ് രാജ്യങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.