
ബംഗളൂരു: കൈയിലൊരു ബൈബിളും ചുണ്ടത്തൊരു ചിരിയുമായി പാവങ്ങളെ സഹായിക്കുന്ന ജോൺ മെൽവിൻ മോഷണക്കുറ്റത്തിന് അറസ്റ്റിലായ വിവരം പലരുമൊരു ഞെട്ടലോടെയാണ് കേട്ടത്.
വിജയനഗറിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ജോൺ മെൽവിൻ (46) പിടിയിലായത്.പണക്കാരുടെ വീടുകളിൽ മോഷണം നടത്തി പാവപ്പെട്ടവർക്ക് നൽകുന്നതായിരുന്നു ജോൺ മെൽവിന്റെ രീതി.
ജാലഹള്ളിക്ക് സമീപത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം.
ഓരോ മോഷണത്തിന് ശേഷവും വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികളുടെ സമീപമുള്ള യാചകർക്ക് പണം വിതരണം ചെയ്യും. കൈയിൽ എപ്പോഴും ബൈബിളുണ്ടാവും. മോഷ്ടിച്ച് ലഭിക്കുന്ന തുകയിൽ ഒരു ഭാഗം പാവപ്പെട്ടവർക്കായി നീക്കി വെച്ച ശേഷം ബാക്കി തുക സുഭിക്ഷമായി ഭക്ഷണം കഴിക്കാനും സ്പാകളിൽ പോയി മസാജ് ചെയ്യാനുമാണ് ജോൺ മെൽവിൻ ഉപയോഗിച്ചിരുന്നത്.
1994 ൽ ആണ് ഇയാൾ ആദ്യമായി മോഷണം നടത്തുന്നത്. ഇതിനിടെ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ആവശ്യമായ പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുകയുള്ളൂ. മോഷ്ടിക്കപ്പെട്ടവയിൽ കള്ളപ്പണവും മറ്റും ഉള്ളതിനാൽ പലപ്പോഴും പരാതികളുമുയർന്നില്ല. കൈവശമുള്ള തുക തീരുമ്പോൾ വീണ്ടും മോഷണം നടത്തും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 50 ഓളം മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരുടെ വീടുകളിലും കയറിയിട്ടുണ്ടെങ്കിലും വീട് പൊലീസിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ സാധനങ്ങൾ തിരികെ വച്ചിട്ടുണ്ടെന്നും ഇയാൾ മൊഴി നൽകി.