babu

പാലക്കാട്: മലമ്പുഴ ചെറാട് മലനിരകളിൽ കുടുങ്ങിപ്പോയ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അഗ്നിരക്ഷാ ഓഫീസർക്ക് ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളടക്കം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നാണ് നോട്ടീസിലെ വിമർശനം. യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളും നോട്ടീസിലുണ്ട്. ഇക്കാര്യങ്ങളിലാണ് ജില്ലാ അഗ്നിരക്ഷാ ഓഫീസർ വി.കെ. ഋതീജിനോട് വിശദീകരണം തേടിയത്. തിങ്കളാഴ്ച തുടങ്ങിയ രക്ഷാപ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്. രണ്ടുദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് ബാബു വീട്ടിലെത്തിയത്. അതേസമയം ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് മുക്കാൽ കോടി രൂപയോളം ചെലവാക്കേണ്ടി വന്നെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ കണക്ക്. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ, വ്യോമസേനാ ഹെലികോപ്റ്റർ, കരസേനാ സംഘങ്ങൾ, എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്ക് മാത്രം ചെലവായത് 50 ലക്ഷം രൂപയാണ്. മറ്റുചെലവുകൾ കണക്കാക്കിവരുമ്പോഴേക്കും ചെലവായ തുക 75 ലക്ഷം രൂപ വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഒരു വ്യക്തിയുടെ രക്ഷാപ്രവർത്തനത്തിന് മാത്രം ഇത്രയധികം തുക ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടി വന്നത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്.