
മലപ്പുറം: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ട് സുഖം പ്രാപിക്കുന്നതിന്റെ സന്തോഷത്തിൽ സൗജന്യ ഭക്ഷണവുമായി മലപ്പുറത്തെ കുടുംബശ്രീ ഹോട്ടൽ. വണ്ടൂരിലുള്ള കഫേ കുടുംബശ്രീ ഹോട്ടലാണ് സൗജന്യമായി ഉച്ചയ്ക്കുള്ള ഊണ് വിളമ്പിയത്. ഭക്ഷണം കഴിച്ചവർ പണം കൊടുക്കാനായി കൗണ്ടറിൽ എത്തിയപ്പോൾ കാഷ്യർ പണം സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ചോറ്, സാമ്പാര്‍, മീന്‍കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, മസാലക്കറി, പപ്പടം, അച്ചാര്‍, പായസം എന്നിവയടക്കമുള്ള ഭക്ഷണമാണ് വിളമ്പിയത്.
ഹോട്ടലിന്റെ നടത്തിപ്പുകാരിയായ കെ സി നിർമലയാണ് സൗജന്യ ഭക്ഷണമെന്ന ആശയത്തിന് പിന്നിൽ. വാവ സുരേഷ് പാമ്പ് കടിയേറ്റ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു തിരിച്ചുവരുമ്പോൾ സൗജന്യ ഭക്ഷണം വിളമ്പണമെന്ന് തീരുമാനിച്ചിരുന്നതായി നിർമല പറഞ്ഞു. മറ്റ് കുടുംബശ്രീ അംഗങ്ങളുമായി താൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നെന്നും കാര്യം അറിഞ്ഞപ്പോൾ അവർക്കും സമ്മതമായിരുന്നെന്നും നിർമല പറഞ്ഞു. പ്രതിഫലം ഒന്നും കൂടാതെ മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്ന വാവ സുരേഷിനുള്ള നന്ദി സൂചകമായിട്ടാണ് സൗജന്യ ഭക്ഷണം വിളമ്പിയതെന്ന് നിർമല മാദ്ധ്യമങ്ങളോട് പറഞ്ഞു.