fighter

ദുബായ് : ഹൂതി വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തിരിച്ചടിയ്ക്ക് പിന്തുണയുമായി അമേരിക്കയുടെ എഫ് - 22 യുദ്ധവിമാനങ്ങൾ ഇന്നലെ യു.എ.ഇയിൽ എത്തി. യെമനിൽ ഹൂതി വിമതർ അബുദാബിയ്ക്ക് നേരെ നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യു.എസ് എയർഫോഴ്സ് പറഞ്ഞു. ലോകത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ് അഞ്ചാം തലമുറ കോംബാക്റ്റ് ജെറ്റുകളായ എഫ് - 22. അബുദാബിയിലെ അൽ - ദഫ്ര എയർ ബേസിലാണ് യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്തത്. അതേ സമയം, എഫ് - 22കളും സൈനികരും എത്രവീതം വിന്യസിച്ചെന്ന് യു.എസ് വ്യക്തമാക്കിയില്ല. ഈ മാസം ആദ്യം അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് യു.എ.ഇയിലേക്ക് യുദ്ധവിമാനങ്ങൾ അടിയന്തരമായി അയക്കുമെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ അറിയിച്ചത്. വിർജീനിയയിലെ ലാംഗ്‌ലീ - യൂസ്റ്റിസ് ബേസിലെ ഫസ്റ്റ് ഫൈറ്റർ വിംഗിലെ എഫ് -22 കളെയും സൈനികരെയുമാണ് യു.എ.ഇയിൽ വിന്യസിച്ചിരിക്കുന്നതെന്ന് യു.എസ് എയർഫോഴ്സ് പറഞ്ഞു.