thalayotti

കൊല്ലങ്കോട്: മുതലമട മൊണ്ടിപതി വനഭൂമി പ്രദേശമായ പന്തപ്പാറ മലയിൽ നീർച്ചാലിന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മഴക്കാലത്ത് നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്തുനിന്നാണ് തലയോട്ടി കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ചപ്പക്കാട്ട് സ്വദേശിയായ അയ്യപ്പനാണ് തലയോട്ടി കണ്ടത്. വിവരം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 30ന് ചപ്പക്കാട്ടിൽ നിന്നും കാണാതായ സാമുവൽ (28), മുരുകേശൻ (28) എന്നിവരുടെ കുടുംബക്കാർ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഇതേ തുടർന്ന് കൊല്ലങ്കോട് പൊലീസ് സംഭവസ്ഥലത്തെത്തി തലയോട്ടിക്ക് കാവൽ ഏർപ്പെടുത്തി. ഇന്നലെ പൊലീസ് ഉൾപ്പെടെയുള്ള വിദഗ്ദ്ധസംഘം പന്തപ്പാറയിലെത്തി തലയോട്ടിക്ക് പുറമേ ശരീരഭാഗത്തിന്റെയും മറ്റും അസ്ഥികൾ ലഭിക്കുന്നതിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൃതശരീരം മറവു ചെയ്ത സ്ഥലത്തു നിന്നും ചെന്നായ, കുറുക്കൻ എന്നിവ എടുത്തു കൊണ്ടുപോയതാവാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഈ വനത്തിലേക്ക് യുവാക്കൾ കടന്നിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിൾ എടുത്തശേഷം ഫൊറൻസിക് പരിശോധക്കായി തൃശൂരിലെ ലാബിലേക്ക് അയയ്ക്കും. അധികം കാലപ്പഴക്കമില്ലാത്ത തലയോട്ടിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരൻ, എസ്.എച്ച്.ഒമാരായ വിപിൻദാസ് (കൊല്ലങ്കോട്), ആദംഖാൻ (പുതുനഗരം), മാത്യു (മീനാക്ഷിപുരം), ശശിധരൻ (കൊഴിഞ്ഞാമ്പാറ), ഫൊറൻസിക് വിഭാഗം അനിരുദ്ധൻ, മുഹദാലി ഹക്കീം, വിരലടയാള വിദഗ്ദ്ധ സംഘം സൗമ്യ ഫ്രാൻസിസ്, ക്രൈംബ്രാഞ്ച്, വനംവകുപ്പ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.